കോട്ടയം: കേന്ദ്ര സർക്കാരിന്റെ ആരോഗ്യപദ്ധതിയായ ആയുഷ്‌മാൻ ഭാരതുമായി സംസ്ഥാന സർക്കാരിന്റെ കാരുണ്യ പദ്ധതി ലയിപ്പിക്കുന്നതോടെ ചികിത്സാ സഹായം മുടങ്ങുമെന്ന ആശങ്കയിലായി ജില്ലയിലെ ആയിരത്തോളം രോഗികൾ. ലോട്ടറി വകുപ്പിന്റെ കാരുണ്യ പദ്ധതി പ്രകാരം ഹീമോഫീലിയ, കാൻസർ, വൃക്കരോഗികളായ അയ്യായിരത്തോളം പേർക്കാണ് നിലവിൽ തുടർ ചികിത്സാ സഹായം ലഭിച്ചുകൊണ്ടിരിക്കുന്നത്. 400 ഒാളം അപേക്ഷകർക്കായി പ്രതിമാസം മൂന്നരക്കോടി രൂപയാണ് ജില്ലയിൽ നിന്ന് കാരുണ്യപദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് സാധാരണക്കാർക്ക് ചികിത്സാ സഹായം നൽകുന്നതിനു വേണ്ടി കാരുണ്യ പദ്ധതി ആവിഷ്‌കരിച്ചത്. ഈ പദ്ധതി വഴി കഴിഞ്ഞ വർഷം ജില്ലയിൽ 5312 പേർക്കായി, 36 കോടി രൂപയ്‌ക്കടുത്താണ് ചെലവഴിച്ചത്. കാരുണ്യലോട്ടറി വിറ്റുവരവിന്റെ നിശ്ചിത ശതമാനം തുകയാണ് സാധാരണക്കാരായ രോഗികൾക്കായി മാറ്റി വയ്‌ക്കുന്നത്.
സംസ്ഥാനത്തെ 1850 ഹീമോഫീലിയ രോഗികൾക്ക് ഒരു യൂണിറ്റ് മരുന്നിന് 30,000 രൂപ വീതം ലോട്ടറി വകുപ്പ് കാരുണ്യ പദ്ധതി വഴി അനുവദിക്കുന്നുണ്ട്. ഒരു കുട്ടിയ്‌ക്ക് അൻപത് ലക്ഷം രൂപ വരെ നൽകിയ സാഹചര്യവുമുണ്ട്. എന്നാൽ, ആയുഷ്‌മാൻ ഭാരത് പദ്ധതിയിൽ നിലവിൽ ഒരാൾക്ക് അഞ്ചു ലക്ഷം രൂപ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ പരിധി നീക്കം ചെയ്യുന്നതിനുള്ള ചർച്ചകൾ നടക്കുണ്ടെങ്കിലും അത് നടപ്പാകുമോ എന്ന് ആശങ്ക നിലനിൽക്കുന്നു.
എല്ലാ ചികിത്സയ്ക്കും സിംഗിൾ വിൻഡോ
ആയുഷ്‌മാൻ ഭാരതും കാരുണ്യ പദ്ധതിയും ലയിപ്പിക്കുന്നതോടെ എല്ലാത്തരം ചികിത്സാ സഹായങ്ങൾക്കും ഒരൊറ്റ അപേക്ഷാ കേന്ദ്രം മതിയാവും. പദ്ധതി ഏത് രീതിയിൽ നടപ്പാക്കണമെന്നതിനെപ്പറ്റി ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പഠനം നടത്തുകയാണ്. ഈ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും പദ്ധതി ഏത് രീതിയിൽ ജില്ലയിൽ നടപ്പിലാക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.
കാരുണ്യയിൽ ഇങ്ങനെ
കാരുണ്യ പദ്ധതി പ്രകാരം ഒരു റേഷൻ കാർഡിലെ ഒരു അപേക്ഷകന് രണ്ടു ലക്ഷം രൂപ വരെ ഒറ്റ തവണയായി ചികിത്സാ സഹായം നൽകും. വൃക്കരോഗികൾക്കും ഹീമോഫീലിയ രോഗികൾക്കും ഡയാലിസിസിനും മറ്റ് തുടർചികിത്സകൾക്കും മാസം തോറും ആവശ്യമായ തുക നൽകുകയും ചെയ്യും.