കോട്ടയം: കുറുപ്പന്തറ റൂട്ടിലെ രണ്ടാം പാതയിൽ മാർച്ച് അഞ്ചിന് ട്രെയിനോടിത്തുടങ്ങും. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപം അടിപ്പാത നിർമ്മാണം പൂർത്തിയാകാത്തതിനാൽ ഈ രണ്ടു കിലോമീറ്റർ ഒഴിവാക്കിയാകും കമ്മിഷൻ. പാളത്തിലെ വൈദ്യുതീകരണം പൂർത്തിയാക്കി ഫെബ്രുവരി 25 ന് റെയിൽവേ സേഫ്റ്റി കമ്മിഷണർ പരിശോധന നടത്തും.

വൈദ്യുതീകരണവും, ട്രാക്ക് ലിങ്കിംഗ് ജോലികളുമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി അതിരമ്പുഴ - ഏറ്റുമാനൂ‌ർ റോഡിൽ മൂന്നു മാസം ഗതാഗതം തടസപ്പെടും. ഇതുവഴിയുള്ള വാഹനങ്ങൾ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ മേൽപ്പാലത്തിലൂടെ തിരിച്ചു വിടും. കുറുപ്പന്തറ മുതൽ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ വരെയുള്ള എട്ടു കിലോമീറ്റർ പാതയാണ് പൂ‌ർത്തിയാകാനുള്ളത്.

കുരുക്കായി അടിപ്പാത

ഏറ്റുമാനൂർ റൂട്ടിലെ പാതഇരട്ടിപ്പിക്കലിന്റെ കമ്മിഷനിംഗ് വൈകുന്നതിന് കാരണം ഏറ്റുമാനൂർ - അതിരമ്പുഴ റോഡിലെ തിരക്കേറിയ മനയ്‌ക്കപ്പാടം അടിപ്പാതയുടെ നിർമ്മാണം വൈകുന്നതാണ്. തിരക്കേറിയ ഈ റോഡിലെ ഗതാഗതം തിരിച്ചു വിടാൻ മറ്രൊരു വഴിയും കാണാതിരുന്നതിനാലാണ് അടിപ്പാത നിർമ്മാണം വൈകിയത്. രണ്ടാഴ്‌ച മുൻപാണ് റെയിൽവേ സ്റ്റേഷനു സമീപം കോട്ടമുറി ജംഗ്ഷനിലെ മേൽപ്പാല നിർമ്മാണം പൂർത്തിയാക്കിയത്. ഇതുവഴി ഗതാഗതം തിരിച്ചു വിട്ട് പാതഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാക്കുന്നതിനാണ് ആലോചന. അതിരമ്പുഴ പള്ളി ജംഗ്‌ഷനിലെ ഉപ്പുപുര ജംഗ്ഷനിൽ നിന്നു വാഹനങ്ങൾ തിരിഞ്ഞ് കോട്ടമുറി എത്തി എംസി റോഡിലൂടെ ഏറ്റുമാനൂരിലേയ്‌ക്ക് പ്രവേശിക്കാൻ സാധിക്കും. അടുത്ത മൂന്നു മാസം ഇതുവഴിയാകും വാഹനങ്ങൾ തിരിച്ചു വിടുക.