കോട്ടയം: സംസ്ഥാന സർക്കാരിന്റെ നവോത്ഥാന ശ്രമങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കുകയും വികസനോന്മുഖമായ പാതയിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ശക്തികളെ ജനങ്ങൾ തിരിച്ചറിയണമെന്നും അവരെ യുക്തി പൂർവ്വം അവഗണിക്കണമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല ആഘോഷ ചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മന്ത്രിയെ ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, സബ്ബ് കളക്ടർ ഈശ പ്രിയ, എ.ഡി.എം അലക്‌സ് ജോസഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു. സിവിൽ പൊലീസ്, എക്‌സൈസ്,ഫോറസ്റ്റ് ,സ്റ്റുഡന്റ്‌സ് പൊലീസ്, എൻ.സി.സി, സ്‌കൗട്ട് ആന്റ് ഗൈഡ് പ്ലറ്റൂണുകൾ പരേഡിൽ അണി നിരന്നു.
മികച്ച പൊലീസ് പ്ലാറ്റുണിനുള്ള ഒന്നാം സ്ഥാനം എക്‌സൈസും രണ്ടാം സ്ഥാനം ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് പൊലീസും നേടി. എൻ.സി.സി സീനിയർ, എൻ.സി.സി ജൂനിയർ , എസ്.പി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്,ബാന്റ് പ്ലാറ്റൂണുകളിൽ കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ,വടവാതൂർ ജവഹർ നവേദയ വിദ്യാലയ, മണർകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ,സി.എം.എസ് ഹയർ സെക്കൻഡറി സ്‌കൂൾ, പുതുപ്പള്ളി മൗണ്ട് കാർമൽ,ബേക്കർ മെമ്മോറിയൽ സ്‌കൂൾ,കുടമാളൂർ സെന്റ് മേരീസ് യു.പി സ്‌കൂൾ, കോട്ടയം സി.എം.എസ് ഹൈസ്‌കൂൾ, മൗണ്ട് കാർമൽ ഗേൾസ് ഹൈസ്‌കൂൾ, ഏറ്റുമാനൂർ എം.ആർ. സ്‌കൂൾ എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. എക്‌സൈസ് പ്ലാറ്റൂൺ നയിച്ച എൻ.വി സന്തോഷ് കുമാർ ആണ് മികച്ച പ്ലാറ്റൂൺ കമാണ്ടർ .
ബാൻഡ്‌സെറ്റ്, ദേശഭക്തിഗാനം, പൂരകളി, പഞ്ചവാദ്യം,യോഗാ ചാപ് തുടങ്ങിയവയും ചടങ്ങിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി,കോട്ടയം നഗരസഭാ ചെയർപേഴ്‌സൺ ഡോ.പി.ആർ .സോന, കൗൺസിലർമാരായ സാബു പുളിമൂട്ടിൽ,ഹരി, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ , ആർ.ഡി.ഒ അനിൽ ഉമ്മൻ തുടങ്ങിയവർ പങ്കെടുത്തു.