പൊൻകുന്നം : ചിറക്കടവ് ക്ഷേത്രോത്സവത്തിന് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ ഹൈന്ദവസംഘടനാ നേതാക്കൾ ഡി.ജി.പി.ക്കും കളക്ടർക്കും നൽകിയ പരാതിയെ തുടർന്ന് ഡിവൈ.എസ്.പി എസ്.മധുസൂദനൻ യോഗം വിളിച്ചു. ഉത്സവം, ആചാരം എന്നിവ സംബന്ധിച്ചുള്ള യോഗത്തിന് ഹൈന്ദവസംഘടനാ പ്രതിനിധികളെ വിളിക്കണമെന്ന ആവശ്യവും പൊലീസ് അംഗീകരിച്ചു. റോഡിൽ രാഷ്ട്രീയസംഘടനകൾ വരയ്ക്കുന്നതിനും എഴുതുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണത്തെ സംഘടനാപ്രതിനിധികളും അംഗീകരിച്ചു. ഉത്സവത്തിന് ആശംസകൾ നേർന്ന് സംഘടനകൾ ബോർഡ് സ്ഥാപിക്കുന്നതിനെതിരെ ഏർപ്പെടുത്തിയ നിയന്ത്രണം അംഗീകരിക്കാനാവില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
അലങ്കാരത്തോരണങ്ങളുടെ നിറത്തിനുള്ള വിലക്കിലും അതൃപ്തി പ്രകടിപ്പിച്ചു. വെള്ളിനിറത്തിലുള്ള തോരണങ്ങളും കുരുത്തോലകളുമാണ് പൊലീസ് അംഗീകരിച്ചത്. എന്നാൽ കാവിനിറം ഒരു രാഷ്ട്രീയ സംഘടനയുടെയുമല്ലെന്നും ആയിരക്കണക്കിന് വർഷങ്ങളായി ഹൈന്ദവർ ഉപയോഗിക്കുന്നതാണെന്നുമായിരുന്നു പ്രതിനിധികളുടെ വാദം. ദീപക്കാഴ്ചയിൽ വിളക്കുതെളിക്കുന്നതിന് പൊലീസ് അംഗീകരിച്ച തിരിച്ചറിയൽ രേഖയുള്ള വോളന്റിയേഴ്‌സ് മാത്രം മതിയെന്ന നിബന്ധനയും അംഗീകരിക്കാൻ തയ്യാറായില്ല. ക്ഷേത്രമതിൽക്കകത്തെ പൊലീസ് വിന്യാസം കുറയ്ക്കാമെന്നും ഉത്സവത്തിനെത്തുന്ന ഭക്തരുടെ വാഹനങ്ങൾ പരിശോധിക്കില്ലെന്നും പൊലീസ് അറിയിച്ചു. എൻ.എസ്.എസ് പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ, ചിറക്കടവ് വടക്കുംഭാഗം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ബേബി മുളയണ്ണൂർ, കിഴക്കുംഭാഗം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് കെ.എസ്.ശശിധരൻ നായർ, കേരള വെളുത്തേടത്ത് നായർസമാജം സംസ്ഥാന ജനറൽസെക്രട്ടറി ടി.ജി.ഗോപാലകൃഷ്ണൻ നായർ, വടക്കുംഭാഗം വെള്ളാളസമാജം സെക്രട്ടറി എൻ.രാധാകൃഷ്ണൻ, വേലൻ, പരവൻ, മണ്ണാൻസഭ താലൂക്ക് പ്രസിഡന്റ് പി.ആർ.ജയകുമാർ, പി.ജെ.എം.എസ്.വൈസ് പ്രസിഡന്റ് എ.ജി.അനിൽകുമാർ, വെള്ളാളസമാജം 25ാം നമ്പർ പ്രസിഡന്റ് സന്തോഷ്‌കുമാർ മൂരിപ്പാറ എന്നിവർ യോഗത്തിൽ പങ്കെടുത്തു.