പാലാ : മീനച്ചിലാറിന്റെ ഇരുകരകളിലുമുള്ളവർക്ക് സുഖമുള്ളൊരു ഓർമ്മയുണ്ട്. കടുത്ത വേനലിലും നിറഞ്ഞു കിടന്നിരുന്ന മീനച്ചിലാർ, തണുത്തൊഴുകുന്ന തെളിനീരിൽ മുങ്ങി നിവർന്ന് ആശ്വാസംകൊണ്ടിരുന്നൊരു കാലം. എന്നാൽ ആ നല്ല ഓർമ്മകളെല്ലാം ഓളങ്ങളിൽ അലിഞ്ഞു. ആറിന്റെ ഹൃദയം വരണ്ടുണങ്ങി. മാലിന്യനിക്ഷേപവും അനധികൃത മണൽഖനനവും മീനച്ചിലാറിനെ മൃതാവസ്ഥയിലാക്കിയെന്ന് പറയുന്നതാകും ശരി. കൊടും തണുപ്പുമാറി ചൂട് കൂടിയതോടെ മീനച്ചിലാർ അതിവേഗം വറ്റി വരളുകയാണ്. ഈരാറ്റുപേട്ട മുതൽ കിടങ്ങൂർ വരെയുള്ള ആറ്റിൽ പല ഭാഗത്തും മണൽപ്പരപ്പുകളും പാറക്കെട്ടുകളും തെളിഞ്ഞു. ചിലയിടങ്ങളിൽ നീരൊഴുക്ക് നിലച്ചു. മീനച്ചിലാർ ഇത്രകണ്ട് വറ്റുന്നത് ഇതാദ്യമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. സാധാരണ മാർച്ച് ആദ്യവാരത്തോടെയാണ് ജല നിരപ്പ് ഇത്രയും താഴുന്നത്. ജലനിരപ്പ് വളരെ കുറഞ്ഞത് കുടിവെള്ള പദ്ധതികളെയും ദോഷകരമായി ബാധിച്ചേക്കും. ഈരാറ്റുപേട്ട മുതൽ കിടങ്ങൂർ വരെ മാത്രം നാല്പതോളം കുടിവെള്ള പദ്ധതികളാണ് മീനച്ചിലാറിനെ മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്നത്. മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനങ്ങളിലാണ് ജലനിരപ്പ് വലിയ തോതിൽ താഴ്ന്നിരിക്കുന്നത്. ആറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ സമീപത്തെ കിണറുകളും ജലസ്രോതസുകളും വറ്റിവരണ്ടു. മീനച്ചിലാറ്റിൽ പെട്ടെന്നുണ്ടായ ജല വ്യതിയാനത്തെക്കുറിച്ച് പഠിക്കാൻ ഭൗമ ശാസ്ത്രസംഘം അടുത്ത ദിവസം ആറിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നുണ്ട്.


കൊടും തണുപ്പ് ജലനിരപ്പ് താഴ്ത്തി : ഡോ.ബി. അജയ് കുമാർ

കഴിഞ്ഞ ദിവസങ്ങളിൽ അസ്വാഭാവികമായുണ്ടായ കൊടും തണുപ്പാണ് മീനച്ചിലാറ്റിലെ ജലനിരപ്പ് പെട്ടെന്ന് താഴാൻ കാരണമെന്ന് പ്രമുഖ ഭൗമ ശാസ്ത്രജ്ഞൻ ഡോ.ബി. അജയ് കുമാർ ' കേരളകൗമുദി 'യോടു പറഞ്ഞു. തണുപ്പിൽ അന്തരീക്ഷത്തിൽ നിലനിന്ന ഈർപ്പം മണ്ണിലെ ജലാംശം വളരെ വേഗം വലിഞ്ഞു പോകാൻ ഇടയാക്കിയെന്നും ഇക്കാര്യത്തെ കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

70 കിലോമീറ്റർ നീളം

ഈരാറ്റുപേട്ടയ്ക്കടുത്തു കിഴക്കൻ മലനിരകളിൽ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറു വേമ്പനാട്ടുകായൽ വരെ എഴുപതിലേറെ കിലോമീറ്റർ നീളത്തിൽ ഒട്ടേറെ തോടുകളും കൈത്തോടുകളും അനുബന്ധ ജലാശയങ്ങളുമായി ഒരു നാടിന്റെ അനുഗ്രഹമായിരുന്നു മീനച്ചിലാർ. കോട്ടയം, പാലാ നഗരസഭാ പ്രദേശങ്ങളിലെയും 22 പഞ്ചായത്തുകളിലെയും ജനങ്ങളുടെ പ്രധാന ജലസ്രോതസ്.

കുടിവെള്ളം മുട്ടുമോ

മീനച്ചിലാർ ഒഴുകുന്ന കൈവഴികളിൽ ജലവിഭവവകുപ്പിന്റെ ഇരുപതിലേറെ കിണറുകളാണുള്ളത്. ഈരാറ്റുപേട്ട,പാലാ, കോട്ടയം പ്രദേശങ്ങളിലും മെഡിക്കൽ കോളജ് ആശുപത്രിയിലും വെള്ളമെത്തിക്കുന്നത് മീനച്ചിലാറിനോടു ചേർന്നുള്ള കുടിവെള്ള പദ്ധതികളിൽ നിന്നാണ്. കഴിഞ്ഞ വർഷം കിണറ്റിലെ വെള്ളം താഴ്ന്നതിനെത്തുടർന്ന് പാലായിലെ വിവിധ പ്രദേശങ്ങളിൽ നദിയുടെ മുകൾ ഭാഗത്തുള്ള കയത്തിൽ നിന്നു മോട്ടോർ ഉപയോഗിച്ച് വെള്ളം കിണറ്റിന് സമീപം ഉണ്ടാക്കിയ ചെക്ക് ഡാമിൽ സംഭരിക്കുകയായിരുന്നു.