tree

മണിമല: ഹൈവേ നിർമാണത്തിന്റെ ഭാഗമായി മണിമല മൂലേപ്ളാവിലെ കൂറ്റൻ കാട്ടു മരംവെട്ടിയപ്പോൾ കൂടുപോയ പെരുന്തേനീച്ചക്കൂട്ടം ഒന്നടങ്കം കലിപ്പിലായി. കണ്ണിൽക്കണ്ടവരെയെല്ലാം കുത്തിയോടിച്ചു. തേനീച്ചയുടെ കോപം ശമിക്കില്ലെന്ന് ഉറപ്പായതോടെ സമീപത്തെ സ്കൂളിന് അവധിയും നൽകി. തേനീച്ചപ്പേടിയിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.

പുനലൂർ- മൂവാറ്റുപുഴ ഹൈവേ നിർമാണത്തിന്റെ ഭാഗമായി റോഡിന് വീതികൂട്ടുന്നതിനാണ് കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ മൂലേപ്ളാവ് ബാങ്ക് കവലയിലെ മരം വെട്ടിമാറ്റിയത്. നിറയെ പെരുന്തേനീച്ചയുടെ കൂടുകളായതിനാൽ അവധി ദിവസം കണക്കാക്കി ശനിയാഴ്ച രാത്രി മരംവെട്ടണമെന്നായിരുന്നു നിർദേശം. എങ്കിലും വെട്ടിയത് ഞായറാഴ്ച രാത്രിയാണ്. തീ കത്തിച്ച് തേനീച്ചകളെ പായിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മരത്തിന് ചുറ്റും കൂട്ടിയ തീ പടർന്നതോടെ നിയന്ത്രിക്കാൻ ഫയർഫോഴ്സ് എത്തേണ്ടിവന്നു. തേനീച്ചകളെ തുരത്താനാകില്ലെന്ന് ഉറപ്പായപ്പോൾ മരംമുറി പൂർത്തിയാക്കാതെ തൊഴിലാളികൾ പോയി. ഇതോടെ പ്രദേശം തേനീച്ചകൾ കൈയടക്കി. രാവിലെ സംഭവമറിയാതെ എത്തിയവർക്ക് കണക്കിന് കിട്ടി. ചിലർ ആശുപത്രിയിലായി. അതുവഴി പോയ ബസുകളിലും ഈച്ചക്കൂട്ടം കയറി യാത്രക്കാരെ കുത്തി . ഇതോടെ ബസുകൾ ഷട്ടറിട്ടായി യാത്ര. ബൈക്ക് യാത്രക്കാരും ഈച്ചപ്പകയ്ക്ക് ഇരയായി. പലരും അതുവഴിയുള്ള യാത്ര തന്നെ ഒഴിവാക്കി. സമീപത്തെ എസ്.സി.ടി.എം സ്കൂളിന് അവധി പ്രഖ്യാപിച്ചു. പ്രദേശത്തെ മറ്റുമരങ്ങളിലേയ്ക്ക് ഈച്ചകൾ മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.