വൈക്കം : കെ.എസ്.ആർ.ടി.സി വൈക്കം ഡിപ്പോയിൽ നിറുത്തലാക്കിയ ഷെഡ്യൂളുകൾ പുന:സ്ഥാപിക്കണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കോട്ടയത്തിനും എറണാകുളത്തിനും മദ്ധ്യേയുള്ള ഏക ഡിപ്പോയായ വൈക്കത്തു നിന്നു 60 ഷെഡ്യൂളുകൾ വരെയുണ്ടായിരുന്നു. എന്നാൽ ഡ്യൂട്ടി പരിഷ്ക്കരണത്തിന്റേയും കണ്ടക്ടർമാരുടെ കുറവും പറഞ്ഞ് നിരവധി ഷെഡ്യൂളുകളാണ് നിറുത്തലാക്കിയത്. ലാഭകരമായി സർവീസ് നടത്തിയിരുന്ന മൂന്നാർ, കട്ടപ്പന, പാലാ, ആലപ്പുഴ, കോട്ടയം, എറണാകുളം സർീവുസകൾ ഇതിൽ ഉൾപ്പെടും.
ഷെഡ്യൂളുകൾ വെട്ടിക്കുറച്ച് ഡിപ്പോയെ തകർക്കാനുള്ള നീക്കമാണ് മാനേജ്മെന്റ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇത്തരം നീക്കത്തിൽ നിന്നു പിന്മാറമെന്നും യോഗം ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം സർക്കാർ ഏറ്റെടുക്കുക, പെൻഷൻ പരിഷ്ക്കരണം അടിയന്തിരമായി നടപ്പാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജോൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ടി.പൊന്നൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി എൻ.ശിശുപാലൻ പ്രവർത്തന റിപ്പോർട്ടും, ടി.കെ.പൊന്നപ്പൻ കണക്കും അവതരിപ്പിച്ചു. എ.വി.ഓമനക്കുട്ടൻ, ടി.എൻ.ജോഷി, എം.കെ.പീതാംബരൻ, പി.എസ്.ജയപ്രകാശ്, ചന്ദ്രസേനക്കുറുപ്പ്, തുടങ്ങിയവർ പ്രസംഗിച്ചു. എ.ആർ.ശിവദാസ് സ്വാഗതവും എ.പി.ജോസഫ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.എം.മുരളീധരൻ (പ്രസിഡന്റ്), എ.ആർ.ശിവദാസ്, എ.പി.ജോസഫ് (വൈസ് പ്രസിഡന്റ്), ടി.കെ.പൊന്നപ്പൻ (സെക്രട്ടറി), കെ.എസ്.കുരുവി, ജി.ഗോപകുമാർ (ജോ:സെക്രട്ടറി), ബി.രാജൻ (ഖജാൻജി), എന്നിവരെ തിരഞ്ഞെടുത്തു.