ചങ്ങനാശേരി: ദുരവസ്ഥയിലായ നഗരസഭയിലെ ടൗൺ ഹാൾ നവീകരിക്കും. ഹാൾ നാശോന്മുഖനായതിനാൽ ഇവിടെ പരിപാടികൾ സംഘടിപ്പിക്കാൻ ജനങ്ങൾ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് നടപടി.
എന്നാൽ ചില പരിപാടികൾ മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്നതിനാൽ അവ നടന്ന ശേഷം മാത്രമേ നവീകരണം ആരംഭിക്കാൻ കഴിയൂ. പരിപാടികൾ നടന്നു കഴിഞ്ഞാൽ ഉടൻ തന്നെ ടൗൺഹാൾ നവീകരിക്കുമെന്ന് നഗരസഭ മുൻസിപ്പൽ ചെയർമാൻ ലാലിച്ചൻ ആന്റണി അറിയിച്ചു. ഇതിനായി ടെൻഡർ വിളിച്ചിട്ടുണ്ടെന്ന് നഗരസഭ എക്‌സിക്യൂട്ടീവ് എൻജിനീയർ രഞ്ജി പറഞ്ഞു. നോട്ടക്കുറവാണ് ഹാൾ നശിക്കാൻ കാരണമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ടാകും നവീകരിക്കുക.
ഹാളിന്റെ ശോചനീയാവസ്ഥ കാരണം ബുക്കിംഗുകൾക്ക് ഇടിവുണ്ടായി.15,000 രൂപയാണ് വാടകയിനത്തിൽ ലഭിച്ചിരുന്നത്. ഇത് നഗരസഭയുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഹാളിന്റെ അശാസ്ത്രീയമായ നിർമ്മാണം മൂലം ശബ്ദസംവിധാനവും തകരാറിലാണ്. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുന്നതോടെ നഗരസഭയുടെവരുമാനത്തിലും വർദ്ധനവുണ്ടാകും.
മാറ്റം അനിവാര്യം
അടുക്കള ഭാഗം മാലിന്യങ്ങളാൽ നിറഞ്ഞു കിടക്കുന്ന
മാലിന്യസംസ്‌ക്കരണ പ്ലാന്റ് പ്രവർത്തനരഹിതം
അടുക്കളയുടെ ജനാലകൾ സാമൂഹ്യവിരുദ്ധർ തകർത്തു
വൃത്തി ഹീനമായ ടോയ്‌ലെറ്റുകൾ
ടോയ്‌ലെറ്റുകൾക്ക് വാതിലുകളില്ല
ആവശ്യത്തിന് വെള്ളവുമില്ല
തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം
മെയിൻ ഹാൾ, മിനി ഹാൾ എന്നിവയുടെ സ്ഥിതിയും മോശമല്ല. സീലിങ്ങുകൾ എല്ലാം പൊട്ടിപ്പൊളിഞ്ഞു .പായലും പിടിച്ചു. ടൈലുകൾ എല്ലാം ഇളകിയും പൊട്ടിയും കിടക്കുന്നു. ഫാനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തിക്കാറില്ല. ഹാളിൽ വെളിച്ചക്കുറവുണ്ട്. ഇരിപ്പിടങ്ങൾ ഭൂരിഭാഗവും തകർന്നു. ജനറേറ്റർ സംവിധാനവും അത്യാവശ്യമാണ്.