കോട്ടയം: നേരം പുലുരുമ്പോഴും ഇരുട്ടി തുടങ്ങുമ്പോഴും തിരുനക്കര ക്ഷേത്രമുറ്റത്തെ ശബ്ദമുഖരിതമാക്കുന്ന കുഞ്ഞൻ പക്ഷി ഇത്രവലിയ സംഭവമായിരുന്നോയെന്നാണ് എല്ലാവരും ചോദിക്കുന്നത്. കൂട്ടത്തോടെ പല ആകൃതിയിൽ പറന്നുയരുന്ന ഇത്തിരിക്കുഞ്ഞനെ പറ്റി കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോഴാണ് ഇവൻ കൊടുംഭീകരനാണോയെന്ന് എല്ലാവരും അത്ഭുതപ്പെട്ടത്.

മരുഭൂമികളിൽ മാത്രം കണ്ടുവരുന്ന ദേശാടനപക്ഷിയായ റോസി പാസ്റ്ററിന്റെ ഇഷ്ടഭൂമിയായി കേരളം മാറുന്നെന്നും കോട്ടയം തിരുനക്കരയിൽ ധാരാളമായി കാണുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. എന്തൊരു ആപത്താണ് വരാൻ പോകുന്നതെന്നു നാം ചിന്തിക്കണമെന്നും അദ്ദേഹംപറഞ്ഞു.

ഡിസംബർ കഴിയുന്നതോടെ തിരുനക്കര ക്ഷേത്രത്തിന്റെ ആൽമരം ഇവയുടെ സങ്കേതമാണ്. ചൂട് കൂടിയ സ്ഥലങ്ങളിൽ വ്യാപകമായി കാണുന്ന റോസി പാസ്റ്റർ അഞ്ച് വർഷത്തോളമായി തിരുനക്കരയിൽ കാണാം. ക്ഷേത്ര ഉത്സവ സമയത്ത് ചെണ്ടമേളത്തിനും മേലെ ഇവയുടെ ശബ്ദം കേൾക്കാം. വെടിക്കെട്ട് സമയത്ത് പേടിച്ചരണ്ട് ആകാശത്തേയ്ക്ക് പൊങ്ങിപ്പറക്കുന്നതും കാണാം. കോട്ടയം ചന്തയിലെ മാലിന്യച്ചാക്കുകൾക്കിടയിൽ നിന്ന് പുഴുക്കളെ കൊത്തി തിന്നുന്നത് സ്ഥിരം കാഴ്ചയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് സെപ്തംബർ മാസത്തോടെ മരുഭൂമിക്ക് സമാനമായ പ്രദേശങ്ങളിലേയ്ക്ക് റോസി പാസ്റ്റർ പലായനം ചെയ്യും. മുൻപ് ഉത്തരേന്ത്യയിലെ മരുഭൂമികളിൽ കഴിഞ്ഞിരുന്ന ഇവ കൂട്ടത്തോടെ കോട്ടയത്ത് എത്തിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്. സംസ്ഥാനത്ത് പാലക്കാട് കഴിഞ്ഞാൽ ഏറ്റവും കൂടതൽ ചൂട് രേഖപ്പെടുത്തുന്നത് കോട്ടയത്താണ്. ചൂടും ആഹാര ലഭ്യതയും കണക്കിലെടുത്താവും ഇവ കോട്ടയം തിരഞ്ഞെടുത്തതെന്ന കണക്ക് കൂട്ടലിലാണ് പക്ഷി നിരീക്ഷകർ.

 മൈന ഇനം

പിങ്ക് ശരീരം, ഇളം ഓറഞ്ച് കാലുകൾ, തിളങ്ങുന്ന കറുത്ത തല, ചിറകുകൾ, വാൽ എന്നിവയാണ് റോസി പാസ്റ്ററുടെ പ്രത്യേകത. മൈനകളുടെ ഇനം. പ്രജനന കാലഘട്ടത്തിൽ ആൺ പക്ഷികൾ തലയിലെ തൂവലുകൾ ഉയർത്തും. ഇണക്കിളിയെ ആകർഷിക്കാനാണിത്. ചെറുപ്രാണികളെ ആഹാരമാക്കുന്ന റോസി മൈനകൾ കീടനാശിനികളുടെ ഉപയോഗത്തെ തുടർന്ന് വംശനാശ ഭീഷണിയിലാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.