photo

ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്ന ജീപ്പിനുനേരെ മൂവർസംഘം നടത്തിയ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വാഗമൺ സ്വദേശി അനിലിനാണ് പരിക്കേറ്റത്. ഏലപ്പാറ സ്വദേശി മുകേഷിന്റെതാണ് ജീപ്പ്. ഇതിന്റെ ചില്ലും ബോണറ്റും സംഘം അടിച്ചുതകർത്തു. കഴിഞ്ഞ ദിവസം രാത്രി 11 നായിരുന്നു സംഭവം.
ഹൃദയ ചികിത്സക്കായി രോഗിയുമായി ഏലപ്പാറയിൽ നിന്നും മെഡിക്കൽ കോളേജിൽ എത്തിയതായിരുന്നു അനിൽ. രോഗിയെ ആശുപത്രിയിലാക്കിയശേഷം വാഹനം പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തു. തുടർന്ന് രാത്രി സുഹൃത്തുക്കളായ മനു, ജോബ് എന്നിവർക്കൊപ്പം വാഹനത്തിനുള്ളിൽ കിടന്നുറങ്ങുന്നതിനിടെയാണ് അക്രമം നടന്നത്. ആയുധങ്ങളുമായി ബൈക്കിലെത്തിയ മൂവർ സംഘം ജീപ്പിന്റെ മുൻവശം അടിച്ചുതകർക്കുകയും അനിലിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയും ചെയ്തു. പരിക്കേറ്റ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുണികൊണ്ട് മുഖം മറച്ചതിനാൽ അക്രമികളുടെ മുഖം തിരിച്ചറിയാനായില്ല. 25 വയസ് തോന്നിക്കുന്ന മൂന്നുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.