രാമപുരം : മൂവാറ്റുപുഴ - പുനലൂർ പാതയിൽ അപകടങ്ങൾ തുടർക്കഥയായിട്ടും കടിഞ്ഞാണിടാനാകാതെ അധികൃതർ. റോഡിന്റെ അശാസ്ത്രീയ നിർമ്മാണമാണ് അപകടങ്ങൾ പെരുകാൻ കാരണമെന്നാണ് ആക്ഷേപം. പാലാ - തൊടുപുഴ റൂട്ടിൽ ഏറ്റവും കൂടുതൽ ജീവനുകൾ പൊലിഞ്ഞ പിഴക് പാലത്തിൽ കഴിഞ്ഞ ദിവസം കാൽനടയാത്രക്കാരൻ ലോറിയിടിച്ച് മരിച്ചിരുന്നു. പിഴക് മുതൽ മാനത്തൂർ പള്ളിവരെയുള്ള ഭാഗത്ത് ഒന്നര വർഷം കൊണ്ട് നൂറോളം അപകടങ്ങളാണുണ്ടായത്. കടനാട്, മേപ്പുതുശ്ശേരി, പാട്ടത്തിപറമ്പ്, വല്യാത്ത് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർ ആശ്രയിക്കുന്ന പിഴക് പാലം ബസ് സ്‌റ്റോപ്പിൽ ഡ്യൂട്ടിക്കായി നിയോഗിച്ച ഹോം ഗാർഡിനെ പിൻവലിച്ചത് പുന:സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. പലയിടങ്ങളിലും സീബ്രാലൈൻ അപ്രത്യക്ഷമായാരിക്കുകയാണ്.

റിഫ്ലക്ടർ ലൈറ്റുകൾ, സോളാർ ലൈറ്റ് എന്നിവ പ്രവർത്തനക്ഷമമായി. ഇതും അപകടങ്ങൾക്ക് ഇടയാക്കുന്നു. പാലാ മുതൽ കുറിഞ്ഞി വരെ ഹൈ സ്പീഡ് കാമറകൾ സ്ഥാപിക്കാനുള്ള നടപടിയും എങ്ങുമെത്തിയില്ല. പ്രധാന ജംഗ്ഷനുകളിൽ ഒന്നായ കൊല്ലപ്പള്ളിയിൽ
ഡിവൈഡറുകൾ ഇല്ലാത്തതിനാൽ അപകടം നിത്യസംഭവമാണ്.

വളവുകൾ നിവർന്നില്ല

വളവുകൾ നിവർത്താത്തതും ശരിയായ സംരക്ഷണഭിത്തി കെട്ടാത്തതും ദിശാസൂചികൾ ഡ്രൈവർമാർക്ക് കാണാൻ സാധിക്കാത്തതും തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നു.അമിതവേഗം നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെഎസ്.ടി.പി അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് കടനാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിലു കൊടൂർ പറഞ്ഞു.