കോട്ടയം : വയോജന സംരക്ഷണ ജാഗ്രതാ സമിതികൾ രൂപീകരിക്കണമെന്ന സർക്കാർ ഉത്തരവ് വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പദ്ധതിയോട് മുഖം തിരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. കഴിഞ്ഞ നവംബറിലാണ് വയോജന സമിതി രൂപീകരിക്കണമെന്ന ഉത്തരവുണ്ടായത്. എന്നാൽ ഭൂരിഭാഗം ജില്ലകളിലും ഉത്തരവ് നടപ്പാക്കിയിട്ടും കോട്ടയത്ത് ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും ആരംഭിച്ചിട്ടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇതിനെക്കുറിച്ച് കൃത്യമായ ധാരണ പോലുമില്ല.

വയോജനങ്ങൾക്കെതിരായ സ്വാതന്ത്യ ലംഘനം, അവകാശ ലംഘനം , അതിക്രമം എന്നിവ അടിയന്തരമായി പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കുകയാണ് സമിതിയുടെ ലക്ഷ്യം. ഐ.സി.ഡി.എസ് ചെയർപേഴ്‌സൺ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സീനിയർ സിറ്റിസൺ ഫോറത്തിലെ അംഗം തുടങ്ങി 9 പേരാണ് അംഗങ്ങളാകേണ്ടത്. നിലവിൽ വനിതാ അദാലത്ത്, മനുഷ്യാവകാശ കമ്മിഷൻ സിറ്റിംഗ് എന്നിവ ജില്ലയിൽ സംഘടിപ്പിക്കുമ്പോൾ നിരവധി വയോജനങ്ങളാണ് പരാതിയുമായെത്തുന്നത്. വയോജന ജാഗ്രത സമിതികൾ രൂപീകരിച്ചു കഴിഞ്ഞാൽ അതത് പഞ്ചായത്തുകളിൽ പരാതി പറയാനുള്ള വേദി ഒരുങ്ങും.

 അതിക്രമം വർദ്ധിക്കുന്നു

ജില്ലയിൽ വയോജനങ്ങൾക്കെതിരെയുള്ള അതിക്രമം വർദ്ധിക്കുന്നതായാണ് കണക്കുകൾ പറയുന്നത്. മുന്നൂറോളം കേസുകളാണ് സാമുഹ്യനീതി വകുപ്പ് ഓഫീസിലും ആർ.ഡി.ഒ യിലും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ലഭിച്ചത്.
വീട്ടിലെ ശാരീരിക,മാനസിക പീഡനം, മക്കൾ വിദേശത്ത് പോയതോടെ ഒറ്റപ്പെട്ടവർ, സ്വത്ത് തർക്കം, വീട്ടിൽ നിന്ന് ഇറക്കിവിടപ്പെട്ടവർ തുടങ്ങിയവയാണ് കേസുകളുടെ സ്വഭാവം.സ്വന്തമായി വരുമാന മാർഗമില്ലാത്ത അറുപതു വയസിന് മുകളിൽ പ്രായമുള്ള മാതാപിതാക്കൾക്ക് ആവശ്യമായ പരിരക്ഷയും മികച്ച ചികിത്സാ സൗകര്യങ്ങളും മക്കൾ ഉറപ്പാക്കണമെന്നാണ് കേന്ദ്രസർക്കാർ 2007 ൽ നടപ്പാക്കിയ വയോജന സംരക്ഷണ നിയമത്തിൽ പറയുന്നത്. എന്നാൽ നിയമം നടപ്പാക്കി 10 വർഷം കഴിഞ്ഞിട്ടും പ്രായമായവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് കുറവില്ല.

'' നിലവിൽ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വയോജന ഗ്രാമസഭകൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ വയോജന ജാഗ്രത സമിതി രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല. ''

സുശീൽ മുരളീധരൻ, സൂപ്രണ്ട്,

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസ്