photo

ഏറ്റുമാനൂർ : മണർകാട് - പട്ടിത്താനം - ഏറ്റുമാനൂർ ബൈപ്പാസ് റോഡിന്റെ നവീകരണം അവസാന ഘട്ടത്തിൽ.

ഇപ്പോൾ ടാറിംഗ് ജോലികളാണ് പുരോഗമിക്കുന്നത്.പൂവത്തുംമൂട് മുതൽ ചെറുവാണ്ടൂർ വായനശാല ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ടാറിംഗ് പൂർത്തിയായിട്ടുണ്ട്. ബി.എം.ബി.സി നിലവാരത്തിലാണ് ടാറിംഗ്. പതിനഞ്ച് മീറ്റർ വീതിയിലുള്ള റോഡിന്റെ പത്ത് മീറ്ററിലാണ് ടാറിടുന്നത്.

എന്നാൽ പൂവത്തുംമൂട് ജംഗ്ഷൻ മുതൽ നിലവിലെ പേരൂർ റോഡ് വരെയും ചെറുവാണ്ടൂർ ലൈബ്രറി ജംഗ്ഷൻ മുതൽ പാലാ റോഡിൽ പാറകണ്ടം വരെയുമുള്ള റോഡ് ടാറിംഗ് അടുത്ത ഘട്ടത്തിലേ നടത്താനാകൂ.

ബൈപ്പാസിന്റെ ഭാഗമായി പുതിയതായി നിർമ്മിച്ച ഈ റോഡുകളിൽ മണ്ണ് നിറച്ച് മെറ്റൽ വിരിക്കുന്നതും സംരക്ഷണഭിത്തി കെട്ടുന്നതും അടക്കമുള്ള ജോലികൾ ബാക്കിയുണ്ട്. അവ പൂർത്തീകരിക്കുന്നതോടെ ടാറിംഗ് ആരംഭിക്കും. മണർകാട് മുതൽ ഏറ്റുമാനൂർ പട്ടിത്താനം വരെയുള്ള ബൈപാസിന്റെ പണികൾ രണ്ടു ഘട്ടങ്ങളിലായാണ് നടത്താനിരുന്നത്. പൂവത്തുമൂട് വരെയുള്ള ആദ്യ ഘട്ടം വർഷങ്ങൾക്കു മുൻപേ തീർന്നിരുന്നു. ചില സ്വകാര്യവ്യക്തികൾ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് മുടങ്ങിയ രണ്ടാം ഘട്ടം ആരംഭിച്ചെങ്കിലും പാലാ റോഡിൽ പാറകണ്ടത്തിൽ അവസാനിപ്പിക്കാനായിരുന്നു തീരുമാനം. സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കിയാൽ ടെൻഡർ നടപടികൾ ആരംഭിക്കും.

സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ വകയിരുത്തിയത്..... 10 കോടി

മൂന്നാം ഘട്ടമായി 1.790 കി.മീ റോഡാണ് നിർമ്മിക്കേണ്ടത്.

പാലാ റോഡിൽ നിന്നും മാറാവേലി തോടിനരികിലൂടെ പട്ടിത്താനം റൗണ്ടാനയിൽ അവസാനിക്കുന്ന രീതിയിലാണ് റോഡ്.

 അമിത വേഗതയും അപകടവും

നവീകരണം അവസാന ഘട്ടത്തിലായതോടെ അപകടങ്ങളും വർദ്ധിച്ചു .കഴിഞ്ഞദിവസം പേരൂർകണ്ടംഞ്ചിറ കവലക്ക് സമീപം സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. ഇടവഴികളിൽ നിന്ന് ബൈപ്പാസിലേക്ക് ഇറങ്ങുന്ന വാഹനങ്ങൾ പലപ്പോഴും ബൈപ്പാസിലൂടെ എത്തുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ അമിത വേഗതയിലെത്തുന്നതാണ് അപകടങ്ങൾക്ക് കാരണം.