ചങ്ങനാശേരി : കറുകച്ചാൽ വെള്ളാവൂർ മേജർ കുടിവെള്ള പദ്ധതി മാർച്ച് 31 ന് മുമ്പായി പ്രവർത്തനം ആരംഭിക്കും. മണിമല വെള്ളാവൂർ പഞ്ചായത്തുകളിൽ പൂർണമായും വാഴൂർ പഞ്ചായത്തിൽ ഭാഗികമായും പൈപ്പുലൈനുകൾ സ്ഥാപിച്ചു. ഒന്നാം ഘട്ടമെന്ന നിലയിൽ മാർച്ച് 31 ന് മുമ്പ് വെള്ളമെത്തിക്കുമെന്ന് ഡോ. എൻ. ജയരാജ് എം. എൽ.എ അറിയിച്ചു. 30.5 കോടിയാണ് ചെലവ്. രണ്ടാം ഘട്ടത്തിന് 26 കോടിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ 5 വില്ലേജുകളിലെ ജലക്ഷാമം പരിഹരിക്കും.
വെള്ളാവൂർ, മണിമല, വാഴൂർ, പള്ളിക്കത്തോട്, ചിറക്കടവ് പഞ്ചായത്തുകളിലെ ഒന്നരലക്ഷം കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനം ചെയ്യും. 2002 ലാണ് കുടിവെള്ള പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചത്. 2003 ൽ കിണറിനു സ്ഥലം ലഭ്യമായപ്പോൾ പദ്ധതിക്ക് രണ്ടാംഘട്ട ധനസഹായം നൽകാമെന്നു അറിയിച്ചെങ്കിലും ലഭ്യമായില്ല. പിന്നീട് കേന്ദ്രസർക്കാരിന്റെ സഹായത്തോടെ 2007 ൽ പദ്ധതി പുനരാരംഭിക്കുകയായിരുന്നു. മണിമല ആറ്റിലെ മാരൂർ കടവിൽ കിണറും പമ്പ് ഹൗസും നിർമ്മിച്ച് 200 ഹോഴ്‌സ് ശക്തിയുള്ള മോട്ടറും സ്ഥാപിച്ചു. വെള്ളാവൂർ പഞ്ചായത്തിലെ കുളത്തുങ്കലിൽ 90 ലക്ഷം ലിറ്റർ ശുദ്ധീകരണശേഷിയുള്ള 5 ജലസംഭരണിയും ജല അതോറിട്ടി വക ഓഫീസും അനുബന്ധ സൗകര്യങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. വാഴൂർ പഞ്ചായത്തിലെ ചള്ളോലി ജലസംഭരണി, ഉള്ളായം ജലസംഭരണി, മണിമലയിലെ പൂവത്തോലി ജലസംഭരണി എന്നിവിടങ്ങളിലേയ്ക്ക് വെള്ളമെത്തിക്കുന്നതിനുള്ള പ്രധാന പൈപ്പ് ലൈനും പൂർത്തിയായി. എം.എൽ.എയും ജല അതോറിട്ടിയുടെ ഉദ്യോഗസ്ഥരും ട്രീറ്റ്‌മെന്റ് പ്ലാന്റ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.