കോട്ടയം: സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി പന്തു തട്ടാൻ ഇത്തവണയും ബസേലിയസിന്റെ സുവർണ താരം. എം.ജി സർവകലാശാല ചാമ്പ്യൻഷിപ്പിൽ ബസേലിയസ് കോളേജിനെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വയനാട് സ്വദേശി ഗിഫ്റ്റി ഗ്രേഷ്യസിനെയാണ് ഇക്കുറി സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മിഡ് ഫീൽഡറായ ഗിഫ്റ്റി സ്ട്രൈക്കർ പൊസിഷനിലും കളിക്കും.
വയനാട് നടവയൽ സ്വദേശിയായ ഗിഫ്റ്റി ഗ്രേഷ്യസ് മലപ്പുറം എം.എസ്.പി സ്‌കൂളിലൂടെയാണ് ഫുട്‌ബോൾ കളത്തിലിറങ്ങിയത്. രണ്ടു വർഷം മുൻപ് സ്‌പോട്‌സ് ഹോസ്റ്റൽ വഴി ബസേലിയസ് കോളേജ് ഫുട്‌ബോൾ ടീമിന്റെ ഭാഗമായി. ഇത്തവണ നടന്ന എം.ജി സർവകലാശാല ചാമ്പ്യൻഷിപ്പിൽ ടോപ്പ് സ്‌കോററായ ഗിഫ്റ്റി ബസേലിയസ് കോളേജ് രണ്ടാം വർഷ ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥിയാണ്. കേരളത്തിനു വേണ്ടി സബ് ജൂനിയർ, ജൂനിയർ തലങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.
കഴിഞ്ഞ വർഷം സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ ബസേലിയസ് കോളേജിലെ വിദ്യാർത്ഥികളായ ജസ്റ്റിൻ ജോർജ്, രാഹുൽ, ജിയാസ് ഹസൻ എന്നിവരുണ്ടായിരുന്നു. തൊട്ടു മുൻപത്തെ വർഷം നെറ്റോ ബെന്നിയായിരുന്നു കേരളത്തിനുള്ള ബസേലിയസിന്റെ സംഭാവന. ബസേലിയസ് കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ മേധാവി ഡോ.ബിജു തോമസ്, സ്‌പോട്‌സ് കൗൺസിൽ കോച്ച് പി.ആർ രാജു എന്നിവരാണ് ഗിഫ്റ്റിയെ പരിശീലിപ്പിക്കുന്നത്.