ഈരാററുപേട്ട : തീക്കോയി അയ്യമ്പാറ റോഡിൽ കടുക്കാസിറ്റിയ്ക്ക് സമീപം നാഗപ്പാറയിൽ ആനയിടഞ്ഞത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി.
പുരയിടത്തിൽ തടിപിടിക്കാനായെത്തിച്ച ചാന്നാനിക്കാട് വിജയസുന്ദറെന്ന ആനയാണ് ഇടഞ്ഞത്. രാവിലെ പത്തോടെ പിണങ്ങിയ ആന പാപ്പാനെ അനുസരിക്കാൻ കൂട്ടാക്കാതെ നിലയുറപ്പിക്കുകയായിരുന്നു. നിരവധി മരങ്ങളും കുത്തി മറിച്ചിട്ടു. പാറക്കെട്ടിന് സമീപം നിലയുറപ്പിച്ച ആന താഴേയ്ക്ക് കല്ലുകളും മരത്തടികളും വലിച്ചെറിഞ്ഞു. കാലിൽ കുരുക്കിടാനെത്തിയവരെ ആന വിരട്ടിയോടിച്ചു. ഒടുവിൽ വൈകിട്ടോടെ പാപ്പാന്മാർ ആനയെ തളച്ചു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.