കോട്ടയം: വളരെ പ്രധാനപ്പെട്ട രണ്ട് പാലങ്ങൾ അപകടാവസ്ഥയിലായിട്ട് ആരും തിരിഞ്ഞു നോക്കുന്നില്ല.
കോട്ടയം കുമരകം റോഡിലെ പാലങ്ങളാണ് അപകടാവസ്ഥയിലുള്ളത്.ചന്തക്കവല പാലവും
കുമരകം റോഡിലെ ബോട്ടു ജട്ടി പാലവുമാണ് നാട്ടുകാർക്ക് ദുരിതമാകുന്നത്.
ചന്തക്കവലയിലേയ്ക്ക് കയറുന്ന പാലത്തിലൂടെ ഒരു വാഹനത്തിനു മാത്രമാണ് കടന്നു പോകാനാകുന്നത്.
പാലം പകുതി കയറിയാലേ എതിർ ദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾ കാണാനാകൂ. ചന്തക്കവലയും പഞ്ചായത്ത് ഓഫീസും ഓട്ടോ സ്റ്റാൻഡുമെല്ലാം സമീപത്തായതിനാൽ കുമരകത്ത് വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.അതിന് സുപ്രധാന പങ്ക് വഹിക്കുന്നതാകട്ടെ ഈ പാലവും.
ഇടുങ്ങിയ പാലം വേഗത കുറച്ച് പോവുക എന്ന മുന്നറിയിപ്പ് ബോർഡിലൊതുക്കിയിരിക്കുകയാണ് പാലത്തിന്റെ നവീകരണം.പാലത്തിന്റെ കൈവരിയാണെങ്കിൽ നേരത്തേ തകർന്നു.ഇതിനു പകരം സംവിധാനമെന്ന നിലയ്ക്ക് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ അപകടങ്ങൾ ഉണ്ടാകാറുണ്ട്.കുമരകത്തെ റിസോർട്ടുകളിലേയ്ക്ക് പോകാൻ ടൂറിസ്റ്റുകൾ അടക്കം ആശ്രയിക്കുന്ന പാലമാണിത്. റോഡിലെ കുപ്പിക്കഴുത്തു പോലുള്ള ഈ പാലം മാറ്റി പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
കുമരകം റോഡിലെ ബോട്ടു ജട്ടി പാലവും അപകടനിലയിലാണ്. കൈവരികൾ നേരത്തേ തകർന്നു . കോൺക്രീറ്റ് ഭാഗങ്ങളും അടർന്നുതുടങ്ങി . പാലത്തിന് താഴെ അപ്രോച്ച് റോഡ് ചേരുന്ന ഭാഗത്ത് കരിങ്കൽകെട്ടുകൾ താഴേയ്ക്ക് ഇരുത്തിയ നിലയിലാണ്. ബോട്ടു ജെട്ടി, ശ്രീകുമാരമംഗലം അമ്പലം, സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന ഈ പാലം അടിയന്തരമായി നന്നാക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.
എന്തിനും വിലങ്ങുതടിയായൊരു റോഡ്
കോട്ടയം കുമരകം റോഡ് വീതി കൂട്ടുന്നതിനായുള്ള സ്ഥലമെടുപ്പ് ജോലി ഇല്ലിക്കൽ കവല വരെ മാത്രമാണ് എത്തിയത്. ഇത് പൂർത്തിയായാൽ മാത്രമേ ചന്തക്കവല പാലം വീതികൂട്ടാനാകൂ . ഇല്ലിക്കൽ മുതൽ കുമരകം വരെയുള്ള സ്ഥലമെടുപ്പ് ജോലികൾ എന്ന് പൂർത്തിയാകുമെന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരം നൽകാൻ ബന്ധപ്പെട്ടവർക്കാർക്കും കഴിയുന്നില്ല .
കോട്ടയം കുമരകം റോഡ് വീതി കൂട്ടലിൽ കുരുങ്ങി ക്കിടക്കുന്നതാണ് ഈ പാലത്തിന്റെയും ശോച്യാവസ്ഥയ്ക്കും കാരണം. റോഡ് ഉയർത്തി വീതി കൂട്ടുന്നതിനൊപ്പം പുതിയ പാലവും ഇവിടെ നിർമ്മിക്കേണ്ടതാണ് .റോഡ് വീതികൂട്ടൽ ചുവപ്പ് നാടയിൽ കുരുങ്ങിയതിനാൽ പാലം എന്ന് യാഥാർത്യമാകുമെന്ന് പറയാൻ ജനപ്രതിനിധികൾക്കും കഴിയുന്നില്ല.