കോട്ടയം: അടിച്ചു മോനേ! പക്ഷേ, കാര്യമില്ല; ഭാഗ്യം കടാക്ഷിച്ച കാര്യം അറിയുകയും വേണം. സംസ്ഥാന ലോട്ടറിയുടെ ക്രിസ്‌മസ്- പുതുവത്സര നറുക്കെടുപ്പിൽ ബമ്പർ ഭാഗ്യവാന്റെ നമ്പർ പ്രഖ്യാപിച്ചിട്ട് ആഴ്ചയൊന്നു കഴിഞ്ഞു. ആറു കോടിയുടെ ആളെ ഇതുവരെ പിടികിട്ടിയില്ല. കാശു വേണ്ടാഞ്ഞിട്ടായിരിക്കില്ലല്ലോ- പുള്ളിക്കാരൻ വിവരമറിയണ്ടേ? ഇത്തരം നിർഭാഗ്യ ഭാഗ്യവാന്മാർ കാരണം ശരിക്കും സൂപ്പർ ബമ്പറടിക്കുന്നത് ഭാഗ്യക്കുറി വകുപ്പിനാണ്. എട്ടുവർഷം കൊണ്ട് ആളില്ലാ ഭാഗ്യം ലോട്ടറി വകുപ്പിന് കൊണ്ടുവന്നത് 663 കോടി രൂപ!
2010 ജനുവരി മുതൽ ഇക്കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കാണിത്. 2016, 2017 വർഷങ്ങളിലെ മാത്രം ആളില്ലാഭാഗ്യം 240 കോടിയുടേത്. ടിക്കറ്റെടുത്തവർ ഫലം നോക്കാൻ മറന്നതാകാം, ടിക്കറ്റ് കളഞ്ഞുപോയതാകാം, നമ്പർ തിരിച്ചറിയാനാകാത്ത വിധം ടിക്കറ്റിന് കേടുപാടു സംഭവിച്ചതാകാം. സമ്മാനമടിക്കുന്ന ടിക്കറ്റ് 30 ദിവസത്തിനകം ഹാജരാക്കണം. അവകാശികൾ എത്തിയില്ലെങ്കിൽ സമ്മാനഭാഗ്യം സംസ്ഥാന ഖജനാവിലേക്കു പോകും. രേഖാമൂലം കാരണം ബോധിപ്പിച്ചാൽ രണ്ടു മാസംകൂടി ലഭിക്കും. ഇങ്ങനെ മൂന്നു മാസം കാത്തിരുന്നിട്ടും ആളെത്താത്ത ടിക്കറ്റ് നമ്പർ പ്രത്യേകം രേഖപ്പെടുത്തി മാറ്റും. കേടുവന്ന ടിക്കറ്റാണെങ്കിലും ബാർകോഡും നമ്പരും വ്യക്തമാണെങ്കിൽ സമ്മാനം കിട്ടും. ഒരുലക്ഷം രൂപ വരെയുള്ള സമ്മാനത്തുക ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ നിന്ന് ലഭിക്കും. തുക അതിനു മുകളിലാണെങ്കിൽ ടിക്കറ്റുമായി ഡയറക്ടറേറ്റിൽ എത്തണം.
'' സമ്മാനാർഹമായ ലോട്ടറി വൈകി ഹാജരാക്കുന്നവർ നിരവധിയുണ്ട്. നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് പണം നൽകാൻ പരമാവധി ശ്രമിക്കാറുണ്ട്. ഒരു മാസത്തിനുള്ളിൽ ഹാജരാക്കണമെന്നാണ് ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും മൂന്നു മാസത്തെ കാലയളവ് ലഭിക്കും.''
-തോമസ് വി. ജോർജ്, ജില്ലാ ഭാഗ്യക്കുറി ഓഫീസർ, കോട്ടയം
പെരുകുന്ന നിർഭാഗ്യം
അവകാശികളില്ലാത്തതു കാരണം ഖജനാവിലേക്ക് എത്തിയ ലോട്ടറി സമ്മാനത്തുക (കണക്ക് കോടിയിൽ)
2010: 15.26
2011: 23.36
2012: 48.88
2013: 70.34
2014: 82.21
2015: 91.60
2016: 105.57
2017: 135.85
2018: 90.85