പൊൻകുന്നം : കാഞ്ഞിരപ്പള്ളി മേഖലയിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ജലസ്രോതസുകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ടൗണിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. വൃത്തിഹീനമായി ഭക്ഷണം പാചകം ചെയ്യുന്നതും നിയമലംഘനം നടത്തുന്നതുമായി കണ്ടെത്തിയതിനെത്തുടർന്ന് നാലു ഹോട്ടലുകളടക്കം ഒമ്പത് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ചില ഹോട്ടലുകളിൽ നിന്നു പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. വരും ദിവസങ്ങളിലും പരിശോധന തുടരും.