nerekadavu-paalam

വൈക്കം : അവിടെയുമില്ല, ഇവിടെയുമില്ല ജങ്കാർ. പാലമാണെങ്കിൽ അടുത്തെങ്ങും തീരുന്ന മട്ടുമില്ല. വീണ്ടും തണ്ണീർമുക്കം ബണ്ട് തന്നെ ശരണം. നേരെക്കടവ് നിവാസികളുടെ ദുരിതത്തിന് ഉടനെയെങ്ങും പരിഹാരമുണ്ടാകുമെന്ന് തോന്നുന്നില്ല. വേമ്പനാട്ട് കായലിന് കുറുകേ നേരേകടവ് - മാക്കേക്കടവ് പാലം നിർമ്മാണം ആരംഭിച്ചതോടെയാണ് നേരേകടവിലെ ജങ്കാർ സർവീസ് നിലച്ചത്. മണ്ണ് പരിശോധന അടക്കമുള്ള പ്രാരംഭ നടപടികൾ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പൂർത്തിയായിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ഉടൻ പാലം നിർമ്മാണം ആരംഭിച്ചെങ്കിലും പില്ലറുകൾ സ്ഥാപിച്ചതോടെ പണി നിലച്ചു. അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ചുള്ള

തർക്കങ്ങളാണ് പണി നിലയ്ക്കാൻ ഇടയാക്കിയത്. തർക്കം താത്കാലികമായി പരിഹരിച്ചു. ഇനി പാരിസ്ഥിതികാഘാതപഠന റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. അതുവരെ നാട്ടുകാർക്ക് വേമ്പനാട്ട് കായൽ കടക്കണമെങ്കിൽ തണ്ണീർമുക്കം ബണ്ട് വഴി ചുറ്റണം.

വൈക്കത്ത് 'സാങ്കേതിക' കാരണം

കാലാവധി തീർന്ന് കരാർ പുതുക്കാറായപ്പോൾ കരാറുകാരൻ ടിക്കറ്റ് നിരക്ക് വർദ്ധന ആവശ്യപ്പെട്ടതാണ് വൈക്കത്തെ ജങ്കാർ സർവീസ് നിലയ്ക്കാനുള്ള 'സാങ്കേതിക' കാരണം. 30 ശതമാനം വർദ്ധനവാണ് കരാറുകാരായ കൊച്ചിൻ സർവീസ് ആവശ്യപ്പെട്ടത്. 15 ശതമാനം വർദ്ധിപ്പിക്കാമെന്ന് നഗരസഭയും പള്ളിപ്പുറം പഞ്ചായത്തും പറഞ്ഞെങ്കിലും കരാറുകാർ വഴങ്ങിയില്ല. ഇപ്പോൾ അത് റീടെൻഡർ ചെയ്യുകയാണ്.

കടത്ത് ആരുടേത് ?

ഉദയനാപുരം തൈക്കാട്ടുശ്ശേരി പഞ്ചായത്തുകൾ ചേർന്ന് നേരേകടവിൽ കടത്ത് ഏർപ്പെടുത്തിയിരുന്നു. കടത്ത് തോന്നുംപടി ആയതോടെ നാട്ടുകാർ ചോദ്യം ചെയ്തു. പഞ്ചായത്ത് കടത്ത് ഇപ്പോഴില്ലെന്നും സ്വകാര്യ കടത്താണിതെന്നുമായിരുന്നു കടത്തുകാരന്റെ മറുപടി. പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ നരേന്ദ്രൻ എന്നയാളുടെ പേരിൽ പ്രതിമാസം 36000 രൂപ നൽകുന്നുണ്ടെന്നാണ് നാട്ടുകാരോട് പറഞ്ഞത്. പഞ്ചായത്തിന്റെ രേഖകളിലുള്ള കടത്തുകാരനോ വള്ളമോ ഇപ്പോൾ ചിത്രത്തിലില്ല.

പഞ്ചായത്ത് കടത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. പഞ്ചായത്തിന്റെ നടപടി ക്രമങ്ങളിൽ സ്വകാര്യത ഉറപ്പുവരുത്തണം. പണ വിനിയോഗത്തിൽ ക്രമക്കേടുണ്ടോ എന്നതിൽ വിജിലൻസ് അന്വേഷണം നടത്തണം.

വി.ബിൻസ് (ഉദയനാപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്)