a1


കോട്ടയം: കേന്ദ്ര- സംസ്ഥാന ബഡ്‌ജ‌‌റ്റും പ്രളയ സെസും നടപ്പാക്കും മുമ്പ് ഒരു ബാഗ് സിമന്റിന് 50 രൂപയോളം വർദ്ധിപ്പിച്ച് കമ്പനികളുടെ കൊള്ള. ഫെബ്രുവരി ഒന്നു മുതൽ വില വർദ്ധിപ്പിക്കുമെന്ന സന്ദേശം കമ്പനികൾ വിതരണക്കാർക്ക് നൽകി. ഇത് കേരളത്തിലെ നിർമാണ മേഖലയ്‌ക്ക് കനത്ത പ്രഹരമാകും .

350 -370 രൂപയുണ്ടായിരുന്ന സിമന്റ് മൊത്ത വില ഇതോടെ 400-420 രൂപയായി ഉയരും. ചില്ലറ വിലയിൽ 10 മുതൽ 20 രൂപയുടെ വരെ വർദ്ധന ഉണ്ടാകും.

സിമന്റിന്റെ ജി.എസ്.ടി കുറയ്ക്കുമെന്ന് കരുതി നേരത്തേ 50 രൂപ കൂട്ടിയത് സബ്സിഡിയായി വ്യാപാരികൾക്ക് നൽകി വരികയായിരുന്നു. ഒന്നു മുതൽ ഇത് നിറുത്തലാക്കുകയാണെന്നാണ് കമ്പനികളുടെ അറിയിപ്പ്.

നിർമ്മാണമേഖലയെ മാത്രമല്ല പ്രളയാനന്തര നിർമ്മാണങ്ങളെയും ഇത് സാരമായി ബാധിച്ചേക്കും.

പത്തു ലക്ഷം ടൺ സിമന്റാണ് കേരളത്തിൽ ഒരു മാസം വിറ്റഴിയുന്നത്.

രണ്ട് ലക്ഷം രാംകോ സിമന്റാണ് .

ശങ്കർ-1.25 ലക്ഷം ടൺ,

ചെട്ടിനാട്- 1.25 ലക്ഷം ടൺ,

എ.സി.സി- 1 ലക്ഷം ടൺ,

ഡാൽമിയ- 75,000 ടൺ,

എൽ ആൻഡ് ടി- 50,000 ടൺ.

മലബാർ സിമന്റിന് കുറഞ്ഞ വിഹിതമാണുള്ളത്.

സിമന്റ് കമ്പനി ഉടമകളുടെ കൂട്ടായ്മ ഇടയ്ക്കിടയ്ക്ക് വില കൂട്ടാറുണ്ടെങ്കിലും വില വർദ്ധന തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളെ ഒഴിവാക്കി കേരളത്തിലാണ് ബാധകമാക്കുക. ഇതിനെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയാറില്ല.

ഒരു ശതമാനം പ്രളയ സെസ് കൂടിയാകുമ്പോൾ അഞ്ചു രൂപ വരെ സിമന്റിന് വീണ്ടും വില കൂടാം. കേന്ദ്ര - സംസ്ഥാന ബഡ്‌ജറ്റുകളിലെ നികുതികളും വരുന്നതോടെ സിമന്റ് വില ഇനിയും ഉയരാം. ഇത് മുന്നിൽ കണ്ട് കൊള്ള ലാഭമെടുക്കാനാണ് ബഡ്ജറ്റ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് വില ഉയർത്തുന്നത്. 50 കിലോയുടെ ബാഗിന് ഒറ്റയടിക്ക് 50 രൂപ കൂട്ടുന്നത് സമീപകാലത്ത് ആദ്യമായാണ്.

''കേരളത്തിൽ നിർമ്മാണങ്ങൾ ആരംഭിക്കുന്ന സീസണിലെ വിലവർദ്ധന വൻ പ്രതിസന്ധിയുണ്ടാക്കും. സിമന്റു കമ്പനികളുടെ ഒത്തുകളിയാണ് ഈ കൊള്ളയ്ക്ക് പിന്നിൽ. പ്രളയാനന്തര നിർമ്മാണങ്ങളെയും സർക്കാരിന്റെ ഭവനനിർമ്മാണ പദ്ധതികളെയും സാരമായി ബാധിക്കുമെന്നതിനാൽ സംസ്ഥാന സർക്കാർ സിമന്റ് കമ്പനികളുടെ യോഗം അടിയന്തരമായി വിളിച്ച് വില കുറയ്ക്കാൻ ആവശ്യപ്പെടണം.''

വർഗീസ് കണ്ണമ്പള്ളി

(സംസ്ഥാന പ്രസിഡന്റ്, കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ)

സംസ്ഥാന ബഡ്‌ജറ്റ് ഇന്ന്

കൊച്ചി: ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുന്ന ബഡ്‌ജറ്റിൽ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായിരിക്കും ഊന്നൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ ഒട്ടേറെ ക്ഷേമപദ്ധതികളും ഇടംപിടിച്ചേക്കും.

പ്രളയാനന്തര പുനർനിർമ്മാണത്തിനായി ഒരു ശതമാനം സെസ് ബഡ്‌ജറ്റിൽ പ്രഖ്യാപിക്കും. രണ്ടുവർഷമായി ആയിരം കോടി രൂപയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

12 മുതൽ 28 ശതമാനം വരെ ജി.എസ്.ടിയുള്ള ഉത്‌പന്നങ്ങൾക്കാകും സെസ്. ഉത്‌പന്നങ്ങൾ ബഡ്‌ജറ്റിൽ പ്രഖ്യാപിക്കും. ഉത്പന്നങ്ങളുടെ വിലയ്ക്കുമേൽ ആണ് സെസ് എന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇത് സാധന വില ഉയർത്തും.