കോട്ടയം:പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന നഗരസഭ അവ നടപ്പിലാക്കുന്നതിൽ മാത്രം വളരെ പിന്നിലാണ്.

സാമ്പത്തിക വർഷം അവസാനിക്കാനിരിക്കേ നഗരസഭയുടെ ഈ അലംഭാവം ഫണ്ടുകൾ ലാപ്സാകുന്നതിന് കാരണമാകും. വിശപ്പുരഹിത കോട്ടയം, എല്ലാ ബസ് സ്റ്റാൻഡുകളിലും വാട്ടർ കിയോസ്‌ക്, കഞ്ഞിക്കുഴി സോണൽ ഓഫീസ് നവീകരണം തുടങ്ങി കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളുടെയും പ്രാരംഭ പ്രവർത്തനം പോലും നടന്നിട്ടില്ല. കഴിഞ്ഞ വർഷവും ഇതുപോലെ ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ മെല്ലേപ്പോക്ക് നയമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് ചില കൗൺസിലർമാർ ആരോപിക്കുന്നത്.

കൗൺസിൽ യോഗങ്ങളിൽ മുൻസിപ്പൽ എൻജിനീയർക്ക് അടക്കം കൃത്യമായ നിർദ്ദേശം നൽകിയിട്ടും

പദ്ധതികൾ പൂർത്തീകരിക്കുന്നതിൽ കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഈ മെല്ലപ്പോക്കിനെതിരേ ഒരു മാസം മുമ്പ് ചെയർപേഴ്‌സൺ നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു .ഇതിന് പുറമേ ചില പദ്ധതികൾ ഹൈക്കോടതിയുടെ വിധിയനുസരിച്ച് വ്യക്തമായ നിർദേശങ്ങളും കൗൺസിലിൽ തീരുമാനവുമുണ്ടായിട്ടും നടപ്പാക്കുന്നില്ലെന്നും ആരോപണമുണ്ട്. ഈ അവസ്ഥ തുർന്നാൽ കോടിക്കണക്കിന് രൂപ ലാപ്‌സാകുമെന്നതിൽ സംശയമില്ല.

കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തിയാക്കിയ പദ്ധതികൾ...70%

ഈ വർഷം

803 പദ്ധതികൾക്കായി 66 കോടി

ആകെ ചെലവഴിച്ചിരിക്കുന്നത്... 21 കോടി


പ്രളയം വന്നതോടെ ഉദ്യോഗസ്ഥരുടെ ശ്രദ്ധ അതിലേയ്ക്ക് തിരിഞ്ഞു. അവർ മന:പൂർവം ഉഴപ്പിയതാണെന്ന് പറയാൻ കഴിയില്ല. ഇനിയുള്ള ആഴ്ച കൊണ്ട് അതിവേഗം പദ്ധതി നിർവഹണം പൂർത്തിയാക്കും. ''

ഡോ.പി.ആർ സോന (നഗരസഭാ ചെയർപേഴ്‌സൺ )

വകുപ്പുകളുടെ ഏകോപനം നടക്കുന്നില്ല, ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദ്ദേശം നൽകി പദ്ധതി നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം ഭരണസമിതി കാണിക്കുന്നില്ല. ജില്ലയിലെ മറ്റ് നഗരസഭകളെ വച്ച് കോട്ടയം പിന്നോട്ട് നടക്കുകയാണ് അഡ്വ.ഷീജ അനി (കൗൺസിലർ)

റോഡ് നിർമ്മാണങ്ങൾക്കാണ് കൂടുതൽ താമസം നേരിടുന്നത്. അതിന്റെ പ്രധാന കാരണം ഉദ്യോഗസ്ഥരുടെ അലംഭാവം മാത്രമല്ല, ആവശ്യമായ ടാർ കിട്ടാനില്ല എന്നത് കൂടിയാണ്. ടാറ് ക്ഷാമം രൂക്ഷമാണ്.

സനിൽ കെ.ജെ (പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മ്റ്റി ചെയർമാൻ)