പാലാ: ഉദ്ഘാടനം മാറ്റിവയ്ക്കുന്നതൊക്കെ പതിവാണെന്നിരിക്കെ ഇതുപോലൊരു മാറ്റിവയ്ക്കൽ വേറെങ്ങും കണ്ടിട്ടില്ലെന്നാണ് പാലാ മീനച്ചിൽ നിവാസികൾ പറയുന്നത്. പാലാ മീനച്ചിൽ സബ് രജിസ്ട്രാർ ഓഫീസാണ് ഉദ്ഘാടനത്തീയതി മാറ്റി വച്ച് ജനശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ഒന്നും രണ്ടുമൊന്നുമല്ല 5 തവണയാണ് ഉദ്ഘാടനം മാറ്റിവച്ചത്. എന്തൊക്ക സംഭവിച്ചാലും ഫെബ്രുവരി 3 ന് ഉദ്ഘാടനം നടത്തുമെന്നാണ് അധികൃതർ പറയുന്നത്. അതൊന്ന് നടന്നു കണ്ടാൽ മതിയെന്നാണ് നാട്ടുകാർ പറയുന്നത്.കഴിഞ്ഞ ഡിസംബറിലായിരുന്നു ആദ്യ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. തുടർന്ന് ഇക്കഴിഞ്ഞ 15ാം തീയതി വരെ വിവിധ തീയതികൾ നിശ്ചയിക്കുകയും ഒടുവിൽ പലവിധ കാരണങ്ങളാൽ ഉദ്ഘാടനം മാറ്റുകയുമായിരുന്നു. അഥവാ നടന്നാൽ തന്നെ പൊട്ടിപ്പൊളിഞ്ഞ വാഹനങ്ങൾക്കിടയിലൂടെ വേണം ഉദ്ഘാടകനായ മന്ത്രി വരേണ്ടത് എന്നതാണ് മറ്റൊരു സവിശേഷത.
റവന്യൂ അധികാരികൾ വർഷങ്ങൾക്കു മുമ്പേ കേസുകളിൽ പിടിച്ചിട്ട ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ തുരുമ്പെടുത്ത് കിടക്കുന്നത് രജിസ്‌ട്രേഷൻ വകുപ്പിന്റെ മനോഹരമായ പുതിയ കെട്ടിടത്തിന്റെ പൂമുഖത്താണ്. ലക്ഷങ്ങൾ മുടക്കി കെട്ടിടം പൂർത്തിയാക്കിയെങ്കിലും മുൻവശത്തുള്ള ഇവയൊന്നും മാറ്റിയിട്ടില്ല.
ഇതിനായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്നാണ് രജിസ്‌ട്രേഷൻ വകുപ്പ് പറയുന്നത്. പലതവണ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ല.
ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കേരള രജിസ്‌ട്രേഷൻ വകുപ്പിന്റെ ആദ്യകാല ഓഫീസുകളിലൊന്നാണ് മീനച്ചിൽ സബ് രജിസ്ട്രാർ ഓഫീസ്. 1868 ലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.
പുതുക്കിയ (പുതിയ) അറിയിപ്പ്
ഞായറാഴ്ച രാവിലെ 9.30 ന് കെ.എം. മാണി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ജി. സുധാകരൻ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. ജോസ് കെ. മാണി എം.പി, മുൻ എം.എൽ.എ വി.എൻ വാസവൻ, ബിജി ജോജോ കുടക്കച്ചിറ, കുര്യാക്കോസ് പടവൻ തുടങ്ങിയവർ ആശംസകൾ നേരും. കെ.എൻ സതീഷ് ഐ.എ.എസ് സ്വാഗതവും ബി. ഹരിലാൽ റിപ്പോർട്ടും അവതരിപ്പിക്കും. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ ആശംസകൾ നേരും.