ചങ്ങനാശേരി : കറുകച്ചാൽ നിവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് കാത്തിരിപ്പുകേന്ദ്രത്തിന്റെയും ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും നിർമ്മാണം പൂർത്തിയായി. കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജുകുമാർ നിർവഹിക്കും.
വാർഷിക പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്റ്റാൻഡിനുള്ളിൽ ബസ് കാത്ത് നിൽക്കാനുള്ള സംവിധാനം ഇല്ലായിരുന്നു. പ്രായമായവരും കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവരും കടത്തിണ്ണയെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. ഇതിനു പരിഹാരമായാണ് ബസ് സ്റ്റാൻഡിൽ കാത്തിരിപ്പു കേന്ദ്രവും ഷോപ്പിംഗ് കോംപ്ലക്‌സും നിർമ്മിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചത്. കഴിഞ്ഞ മൂന്ന് ബജറ്റുകളിലെ വാഗ്ദാനം ആയിരുന്നു കാത്തിരിപ്പു കേന്ദ്രം എങ്ങുമെത്താതെ പോകുകയായിരുന്നു. ഇത്തവണത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി15 ലക്ഷം ചെലവഴിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. അഞ്ചു കടമുറികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.