ഇപ്പോൾ ചൊവ്വയെക്കാൾ വിവാദമുയർത്തുന്ന വിഷയമാണ് ചൊവ്വയിലെ ജലസാന്നിദ്ധ്യം. വെള്ളമൊഴുകുന്ന നീർച്ചാലുകളും മറ്റും ചിത്ര സഹിതം 2015ൽ നാസ പുറത്തുവിട്ടപ്പോൾ, ഈ ഗ്രഹത്തിലെ ദ്രവരൂപത്തിലുള്ള ജലത്തിന്റെ നിലനിൽപ്പിനെ തപോഗത സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ഈ ലേഖകൻ ചോദ്യം ചെയ്തിരുന്നു. അതായത് ചൊവ്വ ഗ്രഹത്തിൽ നിലവിലുള്ള ഊഷ്മഅന്തരീക്ഷ അവസ്ഥയിൽ ജലം ഖര രൂപത്തിലോ ( ഐസ്) അല്ലെങ്കിൽ വാതക ( ആവി) രൂപത്തിലോ മാത്രമേ നിലനിൽക്കുകയുള്ളൂ എന്ന്. അന്ന് അത് വിവാദമുണ്ടാക്കിയിരുന്നുവെങ്കിലും 2016ൽ നാസയുടെ ചൊവ്വ പര്യവേക്ഷണ ഉപഗ്രഹം എടുത്ത ചിത്രങ്ങളിൽ അത് യഥാർത്ഥ നീർചാലുകളെല്ലെന്നും കാമറ കണ്ണുകൾക്ക് പറ്റിയ ദൃശ്യ അപചയങ്ങളാണെന്നും തിരുത്തുകയുണ്ടായി.
ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഐസ് ഉറഞ്ഞ കുളം ശാസ്ത്ര യാഥാർഥ്യവുമായി പൊരുത്തപെടുന്നതാണ്. അതായത് ചൊവ്വ ഗ്രഹത്തിൽ ജലം ഖരവാതക രൂപത്തിൽ മാത്രമേ സ്ഥായിയായിരിക്കൂ എന്നത്. ഞങ്ങൾ ഈയിടെ നടത്തിയ പഠനത്തിൽ വ്യക്തമായത് ചൊവ്വ ഗൃഹത്തിൽ ജലം ദ്രവരൂപത്തിൽ സ്ഥിതി ചെയ്യണമെങ്കിൽ അതിൽ മഗ്നീഷ്യം പെർക്ളൊറേറ്റ് പോലുള്ള ലവണങ്ങൾ (പൂരിത ലായനിയാവാൻ മാത്രം) ലയിച്ചിട്ടുണ്ടാവണമെന്നതാണ്.
ഞങ്ങളുടെ ഈ വാദഗതിക്ക് ഇപ്പോൾ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടുണ്ട്. (അടിസ്ഥാനം: ചൊവ്വാഗ്രഹത്തിൽ ദ്രാവക ജലത്തിന്റെ സ്ഥിരത, ഒരു തപോഗതിക വിശകലനം ,). ഒരു കാര്യം വ്യക്തമാക്കട്ടെ; പറയുന്നത് നാസയോ ഭാരതത്തിലെ ഇസ്രൊയോ ആകട്ടെ, ശാസ്ത്ര തത്വങ്ങൾ എന്നും ശാശ്വത സത്യങ്ങളായിരിക്കും.
ഡോ. സി. പി. രഘുനാഥൻ നായർ ,
കേരള ശാസ്ത്ര പരിസ്ഥിതി കൗൺസിൽ എമെറിറ്റസ് സയന്റിസ്റ്റ് , കൊച്ചി സർവകലാശാല
( മുൻ ഉപമേധാവി തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രം , തിരുവനന്തപുരം.)
ഫോൺ : 9496020080.