ഒരു കിഴക്കൻ യൂറോപ്യൻ രാജ്യത്ത് ഇടയ്ക്കിടെ ഔദ്യോഗികാവശ്യത്തിനായി ഞാൻ പോകാറുണ്ട്. അവിടെ ഒരു നഗരത്തിൽ പഴക്കമുള്ള ഒരു മെഡിക്കൽ കോളേജുണ്ട്. നിരവധി പ്രഗത്ഭ ഡോക്ടർമാരുണ്ടവിടെ. അപൂർവം ചിലരുമായി മാത്രമേ അടുത്തിടപഴകാൻ അവസരം ലഭിച്ചിട്ടുള്ളൂ. അതിന് കാരണമുണ്ട്. ആ നാട്ടിൽ വളരെ അപൂർവം ഡോക്ടർമാർക്ക് മാത്രമേ അല്പമെങ്കിലും ഇംഗ്ലീഷ് അറിയൂ. മറ്റുള്ളവർ റഷ്യൻ ഭാഷയോ മാതൃഭാഷയോ മാത്രം സംസാരിക്കുന്നവരാണ്. പങ്കെടുത്ത പ്രധാന യോഗങ്ങളിലെല്ലാം ദ്വിഭാഷികളെ ഉപയോഗിച്ചിരുന്നു. തർജ്ജമ കേൾക്കുമ്പോഴാണ് അവിടുത്തെ ഡോക്ടർമാർ പലരും ഏറ്റവും പുതിയ കാര്യങ്ങളിൽ പോലും അഗാധ പാണ്ഡിത്യമുള്ളവരുമാണെന്ന് തിരിച്ചറിഞ്ഞത്. സോവിയറ്റ് യൂണിയനിൽ നിന്ന് വേർപെട്ടു കഴിഞ്ഞപ്പോൾ തകർച്ചയുണ്ടായ രാജ്യമാണ്. സോവിയറ്റ് കാലത്ത് തന്നെ ഉയർന്നുവന്ന വലിയ സ്ഥാപനങ്ങളും ഗവേഷണ പദ്ധതികളുമൊക്കെ അവിടങ്ങളിൽ തുടരുന്നുണ്ട്. അന്തർദേശീയ തലങ്ങളിൽ വളരാനുള്ള സാധ്യതകളും അവർക്കുണ്ടായി.
നഗരത്തിലൂടെ കാറിൽ പോകുമ്പോൾ വളരെ വലിയ ഒരു കെട്ടിടം ചൂണ്ടി നഗരത്തിലെ മെഡിക്കൽ കോളേജ് ആണ് അതെന്ന് ദ്വിഭാഷി പറഞ്ഞു. നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ അവിടെ മെഡിസിന് പഠിക്കുന്നുണ്ട്. മറ്റു മെഡിക്കൽ കോളേജുകളിൽ നിന്നും വ്യത്യസ്തമായി അവിടുത്തെ മെഡിസിൻ പഠനം ഇംഗ്ലീഷിലാണ്. ആ മെഡിക്കൽ കോളേജ് സന്ദർശിക്കണമെന്ന എന്റെ ആഗ്രഹം കേട്ടപാടെ മെഡിക്കൽ കോളേജിനുള്ളിലേക്ക് കടത്താൻ ദ്വിഭാഷി ഡ്രൈവറോട് പറഞ്ഞു.
ക്യാംപസിനുള്ളിൽ കാർ നിറുത്തി ഞങ്ങൾ നടന്നു. തെക്കേയിന്ത്യൻ മുഖച്ഛായയുള്ള ഒരു ചെറുപ്പക്കാരനെ കണ്ടു. ഞാനയാളെ നോക്കി ഹലോ പറഞ്ഞു. സ്വയം പരിചയപ്പെടുത്തി. ചെറുപ്പക്കാരന്റെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അയാളെന്നെ കഫറ്റേരിയയിലേക്ക് ക്ഷണിച്ചു. ഞാനയാൾക്കൊപ്പം പോയി.
ഒന്നാം വർഷം കഴിയാറായ മെഡിക്കൽ വിദ്യാർത്ഥിയാണ് അയാൾ. തമിഴ്നാട്ടുകാരൻ. നാട്ടിലെ മെഡിക്കൽ പ്രവേശനപരീക്ഷയിൽ വളരെ മോശമല്ലാത്ത റാങ്കുണ്ടായിരുന്നെങ്കിലും സർക്കാർ മെഡിക്കൽ സീറ്റ് കിട്ടിയില്ല. കാപ്പിറ്റേഷൻ തുക കൊടുത്താൽ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിക്കുമായിരുന്നത്രെ. എന്നാൽ വിദേശത്ത് പഠിപ്പിക്കണമെന്ന് അച്ഛന് നിർബന്ധം . ബിസിനസ് ആവശ്യങ്ങൾക്കായി നിരവധി രാജ്യങ്ങൾ സന്ദർശിക്കുന്നയാളാണ് അച്ഛൻ. വിദേശ ഡിഗ്രിയെടുത്താൽ പല ഗുണങ്ങളുമുണ്ടാകുമെന്ന് അദ്ദേഹം ധരിച്ചിരുന്നു. ചില രാജ്യങ്ങളിലെ അടിസ്ഥാന മെഡിക്കൽ ഡിഗ്രിയുടെ പേര് തന്നെ എം ഡി എന്നാണ്. മകൻ വിദേശത്ത് നിന്നും എംഡിയെടുത്തെന്ന് പറയാൻ ഗമയുണ്ട്. നാട്ടിലെ ഒരു എം ഡി കൂടെയെടുത്താൽ രണ്ട് എം ഡി ആയി. മകന് വേണ്ടി ആരംഭിക്കേണ്ട ആശുപത്രിക്കായി സേലത്തിനടുത്ത് വിലപിടിപ്പുള്ള സ്ഥലവും അച്ഛൻ വാങ്ങിയിട്ടു.
' യഥാർത്ഥത്തിൽ ഞാൻ വളരെ ദുഃഖിതനാണ് സാർ." അത് പറയുമ്പോൾ അവന്റെ മുഖം വാടി. എനിക്ക് ആകാംക്ഷയായി. അയാളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാനായില്ല. പലതും കേട്ടപ്പോൾ എന്റെ സമാധാനവും നഷ്ടപ്പെട്ടു. കോഴ്സ് തുടങ്ങിയിട്ട് ഒരു വർഷമായെങ്കിലും മിക്ക വിഷയങ്ങളിലും ഒരു ക്ലാസ് പോലും നടന്നിട്ടില്ല. ഇംഗ്ലീഷിൽ പഠിപ്പിക്കാനറിയുന്ന അദ്ധ്യാപകരില്ലാത്തതാണ് പ്രധാന കാരണം. ആ നാട്ടിലെ ഭാഷയിലോ റഷ്യനിലോ പഠിപ്പിക്കുന്ന കോളേജുകളിൽ ചേർന്ന കുട്ടികൾ പൊതുവേ സംതൃപ്തരാണ്. ആദ്യവർഷം അവിടത്തെ ഭാഷ പഠിക്കാനായി ചെലവാക്കണമെങ്കിലും പിന്നീടുള്ള പഠനത്തിന് പലയിടത്തും അത്യാവശ്യം നിലവാരമുണ്ട്. ഇംഗ്ലീഷിൽ മെഡിസിൻ പഠിക്കാൻ, ഇംഗ്ലീഷറിയാത്ത നാട്ടിൽ വന്നുപെട്ട അവനും കൂട്ടുകാരും വെട്ടിലായിരിക്കുകയാണ്. പലപ്രാവശ്യം ഒന്നാംവർഷ വിദ്യാർത്ഥികളുടെ ചുമതലക്കാരനായ പ്രൊഫസറെ കണ്ട് പരിഭവം പറഞ്ഞു. ഫലമുണ്ടായില്ല. ഒരിക്കൽ പരാതിയുമായി അദ്ദേഹത്തെ സമീപിച്ചപ്പോൾ കിട്ടിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. നൂറ് ഡോളറിന് തുല്യമായ ലോക്കൽ കറൻസി നൽകിയാൽ ഒന്നാംവർഷ വിഷയങ്ങൾ പാസായതായി സർട്ടിഫിക്കറ്റ് നൽകാമെന്നാണ് പ്രൊഫസറുടെ വാഗ്ദാനം. സർട്ടിഫിക്കറ്റല്ല, പഠനമാണ് ആവശ്യമെന്ന് വിദ്യാർത്ഥി പറഞ്ഞുനോക്കി, പ്രൊഫസർ ഗൗനിച്ചില്ല. സംസാരിക്കുമ്പോൾ വിദ്യാർത്ഥിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. മെഡിക്കൽ പുസ്തകങ്ങൾ തനിയേ വായിച്ചു പഠിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായി ഒന്നും മനസിലായില്ല. നാട്ടിലെ ഏറ്റവും തല്ലിപ്പൊളി മെഡിക്കൽ കോളേജിൽ പഠിച്ചാൽ പോലും ഈ ദുർഗതി വരില്ലായിരുന്നെന്ന് വിദ്യാർത്ഥി പറഞ്ഞു. എൻജിനിയറിംഗ് ആയിരുന്നു താത്പര്യം. ഡോക്ടറാകണമെന്ന് അച്ഛന്റെ താത്പര്യമായിരുന്നു . എങ്ങനെ മുന്നോട്ടു പോകണമെന്നറിയില്ല.
നാട്ടിലെ വിദ്യാർത്ഥികളോടും രക്ഷാകർത്താക്കളോടുമാണ് ഇനി പറയാനുള്ളത്. മക്കളെ എങ്ങനെയെങ്കിലും ഡോക്ടറാക്കണമെന്ന് ആഗ്രഹമുള്ളവരുണ്ട്. എന്നാൽ ഡോക്ടറാകാൻ താത്പര്യമുള്ളവരും ചികിത്സാരംഗത്തെ വെല്ലുവിളികൾ നേരിടാൻ തയാറുള്ളവരും മാത്രമാണ് ഡോക്ടർമാരാകേണ്ടത്. മെഡിസിന് പഠിക്കുന്നത് നിലവാരമുള്ള മെഡിക്കൽ കോളേജിൽ തന്നെയാവണം. ചികിത്സയെന്നത് മനുഷ്യന്റെ ജീവൻ വച്ചുള്ള തീരുമാനങ്ങളും പ്രവർത്തനങ്ങളുമാണ്. മക്കൾക്ക് പഠിച്ചു ഡോക്ടറായി ധനം സമ്പാദിക്കാനുള്ളതല്ല മെഡിക്കൽ പഠനവും ചികിത്സാരംഗവും. ചികിത്സാ ശാസ്ത്രവും ആശുപത്രികളും നിലനിൽക്കുന്നത് രോഗബാധിതരെ ചികിത്സിക്കാനാണ്. സാമ്പത്തിക ശേഷിയില്ലാത്തവർക്ക് താങ്ങാവുന്നതും ഗുണനിലവാരമുള്ളതുമായ ചികിത്സ നൽകാനാണ് സർക്കാരാശുപത്രികൾ സ്ഥാപിതമായിരിക്കുന്നത്. ചികിത്സാ ആവശ്യങ്ങൾ മുഴുവൻ പരിഹരിക്കാൻ സർക്കാരാശുപത്രികൾക്ക് കഴിയില്ല. ആ വിടവിലാണ് സ്വകാര്യാശുപത്രികൾ പ്രവർത്തിക്കുന്നത്. സൗജന്യ ചികിത്സ നൽകിയാൽ സ്വകാര്യാശുപത്രികൾക്ക് നിലനിൽക്കാനും കഴിയില്ല.
വിപ്ലവകരമായ കണ്ടുപിടുത്തങ്ങൾ ചികിത്സയെ കൂടുതൽ ഫലവത്താക്കുമ്പോൾ തന്നെ ചെലവേറിയതും സങ്കീർണ്ണവുമാക്കുന്നുണ്ട്. അത്യന്തം ഗുണനിലവാരമുള്ള ചികിത്സകൊണ്ടേ മനുഷ്യരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്താനാവൂ. ചികിത്സ പരാജയപ്പെട്ടാൽ, ഡോക്ടറെയും ആശുപത്രിയെയും ആക്രമിക്കുകയും കേസിൽ കുടുക്കുകയും ചെയ്യുന്നത് സാധാരണമാണ്. ഈ സമയത്താണ് നമ്മൾ മക്കളെ ഏതെങ്കിലും മറുനാടുകളിൽ വിട്ട് 'അര ഡോക്ടർ"മാരാക്കുന്നത്. ഡോക്ടർക്ക് അബദ്ധം പറ്റുമ്പോൾ സംഭവിക്കുന്നത് റദ്ദുചെയ്യാൻ കഴിയാത്ത മരണമാണ്. നഷ്ടപ്പെടുന്നത് വിലപിടിപ്പുള്ള മനുഷ്യജീവനും, ആർക്കൊക്കെയോ വേണ്ടപ്പെട്ട മനുഷ്യരുമാണ്.
പുറംരാജ്യങ്ങളിൽ പഠിച്ചിട്ട് വരുന്നവർക്കായി നാട്ടിൽ ഗുണപരിശോധനാ പരീക്ഷയുണ്ട്. വളരെ ചെറിയ ശതമാനം ആളുകൾ മാത്രമാണ് ആ പരീക്ഷ പാസാകുന്നത് എന്നറിയുന്നു. പരാജയപ്പെടുന്നവർ നാട്ടിൽ ചികിത്സ നടത്താൻ പാടില്ലെന്നതാണ് നിയമം. എന്നാൽ, പല കാര്യത്തിലുമെന്ന പോലെ നിയമം നോക്കുകുത്തിയാണെന്നും അറിയുന്നു. വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ചേർന്ന് മാത്രം പരിഹരിക്കേണ്ട വിഷയമല്ലിത്. സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണം. നാട്ടിൽ ആവശ്യമുള്ള ഡോക്ടർമാരുടെ എണ്ണം കണക്കാക്കുകയും അതിനനുസൃതമായി മാത്രം മെഡിക്കൽ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന സംവിധാനമാണ് വേണ്ടത്. കൃത്യമായ പ്ലാനിംഗ് വൈകിയാൽ സംഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഭരണ നിയമ സംവിധാനങ്ങളും നടത്തിപ്പുകാരും മുഖ്യ ഉത്തരവാദികളായിരിക്കും.
( അഭിപ്രായം വ്യക്തിപരം )