കോഴിക്കോട്: കേന്ദ്ര ഭക്ഷ്യസംസ്‌കരണ മന്ത്രാലയത്തിന്റെ സംയോജിത കോൾഡ് ചെയിൻ പദ്ധതിയിലുപ്പെടുത്തി കോഴിക്കോട് കുറ്റ്യാടിയിൽ ക്ഷീരമേഖലയിൽ പ്ലാന്റ് തുടങ്ങാൻ യു.എൽ.സി.സി.എസിന് അനുമതി. 30 കോടിരൂപ ചെലവുള്ള പദ്ധതിക്ക് ഭക്ഷ്യസംസ്‌കരണ മന്ത്രാലയത്തിൽ നിന്ന് 9.47 കോടി രൂപയുടെ ഗ്രാന്റ് ഇൻ എയ്ഡ് ലഭിക്കും. ഒരു വർഷത്തിനകം പദ്ധതി തുടങ്ങും.
പാൽ സംസ്‌കരണം, ഉത്പന്ന നിർമ്മാണം, വിപണനം എന്നിവയാണ് പദ്ധതിയിലുള്ളത്. മലബാറിലെ ജില്ലകളിൽ നിലവിലുള്ള വിപണന ശൃംഖല മാറ്രാതെ പുതുതായി 3,000 ക്ഷീരസംരംഭകരെ തിരഞ്ഞെടുത്താണ് പദ്ധതി നടപ്പാക്കുകയെന്ന് യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. അഞ്ച് പശുവിനെ വളർത്താൻ താത്പര്യമുള്ളവരെ ക്ലസ്റ്ററടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. സംഭരിക്കുന്ന പാലിൽ 80 ശതമാനവും ക്ഷീരോത്പന്നങ്ങളാക്കി രാജ്യത്തിനകത്തും വിദേശത്തും വില്‌ക്കാനുള്ള ശൃംഖല രൂപീകരിക്കും.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് കാർഷിക കയറ്റുമതി മേഖല രൂപമെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 'സേഫ് ടു ഈറ്റ്" എന്ന സുരക്ഷിത ഭക്ഷ്യ നിർമ്മാണം പ്രോത്സാഹിപ്പിക്കും. ക്ഷീരമേഖലയിൽ പുതിയ സാങ്കേതിക വിദ്യയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബ്രാൻഡുകൾ രൂപപ്പെടുത്തും. സ്‌കിൽ വികസനത്തിലൂടെ കൂടുതൽ തൊഴിലവസരങ്ങളും സ്റ്റാർട്ടപ്പുകളും പ്രോത്സാഹിപ്പിക്കുമെന്ന് യു.എൽ. എഡ്യൂക്കേഷൻ ഡയറക്‌ടർ ഡോ. ടി.പി. സേതുമാധവൻ പറഞ്ഞു.