ന്യൂഡൽഹി: 2018ന് വിട പറഞ്ഞ് ലോകം 2019ലേക്ക് കടന്നിരിക്കുകയാണ്. ഈ പുതുവത്സര വേളയിൽ നമ്മൾ ശ്രദ്ധിക്കേണ്ട ചില മാറ്റങ്ങൾ രാജ്യത്ത് നടപ്പിലായി കഴിഞ്ഞു. സാമ്പത്തിക സാമൂഹ്യപരമായ ആ മാറ്റങ്ങൾ ഇവയാണ്-
1. മാഗ്നറ്റിക് ടേപ്പുള്ള ഡെബിറ്റ്, ക്രെഡിറ്റ്, എ.ടി.എം കാർഡുകൾ ഇന്ന് മുതൽ ഉപയോഗിക്കാൻ കഴിയില്ല എന്നതാണ് അവയിൽ ഏറ്റവും പ്രധാനം. 2016ന് മുമ്പ് നൽകിയ കാർഡുകളാണ് ഇത്തരത്തിൽ ഉപയോഗശൂന്യമാവുക.
2. പുതുക്കിയ ജി.എസ്.ടി നിരക്കുകൾ പ്രകാരം 23ൽ അധികം ഉത്‌പന്നങ്ങൾക്ക് വിലകുറയും. 23 ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമാണ് ഇക്കഴിഞ്ഞ ഡിസംബർ 22നേ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ വില കുറച്ചത്. മിക്ക ഉൽപ്പന്നങ്ങൾക്കും 28ൽ നിന്ന് 18 ശതമാനമായാണ് നിരക്ക് കുറച്ചത്. സിനിമാ ടിക്കറ്റുകൾ, ടിവികൾ, മോണിറ്റർ സ്ക്രീൻ, പവർ ബാങ്ക്, ശീതീകരിച്ച് സൂക്ഷിച്ച പച്ചക്കറികൾ, റീട്രെഡഡ് ടയറുകൾ, ഡിജിറ്റൽ കാമറ, വീഡിയോ കാമറ, വീഡിയോ ഗെയിം കൺസോൾ എന്നിവ വില കുറയുന്നവയിൽ പെടുന്നു.
3. നിലവിൽ ഒരു വാഹനത്തിന് 15 ലക്ഷം രൂപയുടെ പേഴ്‌സണൽ ആക്‌സിഡന്റ് കവർ ഉള്ള വ്യക്തിക്ക് പുതിയവാഹനം വാങ്ങുമ്പോൾ വേറെ ഇൻഷുറൻസ് എടുക്കേണ്ട ആവശ്യമില്ല.
4. ആഡംബര കാറുകൾക്ക് വില വർദ്ധിക്കും.
5. ചെരിപ്പുകൾക്ക് വില കുറയും. എം.ആർ.പിയ്‌ക്ക് ചുമത്തിയിരുന്ന നികുതി ഇനിമുതൽ അടിസ്ഥാന വിലയിലാകും ചുമത്തുക.
6. ക്ളിനിക്കൽ എസ്‌റ്റാബ്ളിഷ്മെന്റ് നിയമം കേരളത്തിൽ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇതുപ്രകാരമുള്ള രജിസ്‌ട്രേഷൻ നടക്കും.
7. ഒന്നര കോടി രൂപ വരെ വാർഷിക ടേണോവർ ഉള്ള വ്യാപാരികൾ ഇനിമുതൽ റിട്ടേൺ മൂന്ന് മാസം കൂടുമ്പോൾ നൽകിയാൽ മതി.