mayawati

ന്യൂഡൽഹി: രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കോൺഗ്രസ് സർക്കാരുകൾക്കുള്ള പിന്തുണയെക്കുറിച്ച് പുനരാലോചിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി പറഞ്ഞു. ഏപ്രിൽ രണ്ടിന് നടന്ന ഭാരത് ബന്ദിനെ തുടർന്ന് ഒരു തെറ്റും ചെയ്യാത്തവർക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടു.

‘രാജസ്ഥാനിലും മദ്ധ്യപ്രദേശിലും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ഏപ്രിൽ രണ്ടിലെ ഭാരത് ബന്ദിനെതുടർന്ന് ചുമത്തിയ കേസ് പിൻവലിക്കാൻ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്‌ക്കുന്ന കാര്യത്തിൽ പാർട്ടിക്ക് വീണ്ടും പുനരാലോചിക്കേണ്ടിവരും. ബി.ജെ.പി സർക്കാരുകളെപ്പോലെ വാഗ്ദാനങ്ങളല്ല വേണ്ടതെന്നും, പ്രവർത്തിച്ചു കാണിച്ചുകൊടുക്കണ'മെന്നും മായാവതി കൂട്ടിച്ചേർത്തു.

രാഷ്ട്രീയ സ്വാധീനത്തിന്റെയും സാമൂദായിക പരിഗണനയുടെയും പേരിലാണ് അന്ന് പലർക്കെതിരെയും യു.പിയിലേയും രാജസ്ഥാനിലേയും മദ്ധ്യപ്രദേശിലേയും ബി.ജെ.പി സർക്കാരുകൾ കുറ്റം ചുമത്തിയത്. ഇപ്പോൾ മദ്ധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് ആണ് അധികാരത്തിൽ. അതുകൊണ്ട് ഈ കേസുകൾ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.

രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ബി.എസ്.പി പിന്തുണയോടെയാണ് കോൺഗ്രസ് ഭരിക്കുന്നത്. രാജസ്ഥാനിൽ ബി.എസ്.പിയ്‌ക്ക് രണ്ട് സീറ്റും മദ്ധ്യപ്രദേശിൽ ആറ് സീറ്റുമാണുള്ളത്.