mukesh

കൊല്ലം: രാജഭരണം പോയതിൽ വിഷമമുള്ളവരാണ് വനിതാ മതിലിനെ എതിർക്കുന്നവരെന്ന് നടനും കൊല്ലം എം.എൽ.എയുമായ മുകേഷ്. ലോകത്തിൽ കേരളത്തിൽ മാത്രം അതും കമ്മ്യൂണിസ്‌റ്റ് സർക്കാരിന് മാത്രം കഴിയുന്നതാണ് വനിതാ മതിലെന്ന് മുകേഷ് പറഞ്ഞു. 'എന്തുകൊണ്ട് വനിതാ മതിലിന് എതിരായി ചിലർ നിൽക്കുന്നുവെന്ന് ചോദിച്ചു കഴിഞ്ഞാൽ അവർക്ക് രാജഭരണം പോയതിൽ വിഷമമുണ്ട്. നങ്ങേലി റൗക്ക ഉടുക്കാതിരുന്നതും മാറിടം ചെത്തിവച്ച ചരിത്രവുമൊക്കെ നങ്ങേലിയുടെ തെറ്റാണെന്ന് പറയുന്നവരാണവർ. എല്ലാവരും തുല്യനീതിയിൽ ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന് പറഞ്ഞപ്പോൾ, പറ്റില്ല കാരണം അത് നീജ ജന്മങ്ങളാണ് എന്ന് പറഞ്ഞ ക്ഷേത്ര ഉടമകളോട് ഒപ്പം നിൽക്കുന്നവരാണ്. ഇവരൊക്കെയാണ് വനിതാ മതിലിന് എതിര്.

വനിതാ മതിലിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് സ്ഥലം കിട്ടുമോ എന്ന് ആശങ്കപെടുന്നവരെയാണ് കൂടുതലും കാണാൻ കഴിയുന്നത്. സ്ത്രീകൾ സത്യം മനസിലാക്കി കഴിഞ്ഞു. ചുരുക്കി പറഞ്ഞാൽ നമ്മുടെ നാട്ടിലുള്ള അമ്മമാർക്കും സഹോദരിമാർക്കും മനസിലായി നൂറ്റാണ്ടുകൾ പുറകോട്ട് വലിക്കുന്ന ചില ആൾക്കാരാണ് ഇതിന് എതിര് നിൽക്കുന്നത്.

എന്തെല്ലാം സമരപരമ്പരകളിലൂടെയാണ് ഇപ്പോഴത്തെ അവസ്ഥയിൽ എത്തിനിൽക്കുന്നത്. അപ്പോൾ അത് വീണ്ടും പിറകോട്ട് പോവുക, അതിന് വേണ്ടി താൽപര്യത്തോടെ നിൽക്കുക എന്ന് പറഞ്ഞാൽ അതൊക്കെ മനസിലാക്കാനുള്ള വിദ്യാഭ്യാസം കേരളത്തിലെ സ്‌ത്രീകൾക്കുണ്ട്. ഇത് ശബരിമലയ്‌ക്ക് വേണ്ടി മാത്രമല്ല. ഹിന്ദുക്കൾ മാത്രമല്ല എല്ലാ മതസ്ഥരും വനിതാ മതിലിൽ പങ്കെടുക്കുന്നുണ്ട്' - മുകേഷ് വ്യക്തമാക്കി.