ആലപ്പുഴ: വനിതാ മതിലിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നവരെ ജനം കാർക്കിച്ച് തുപ്പുമെന്നും കാലം മാറിയത് ചിലർ തിരിച്ചറിയുന്നില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശബരിമലയിൽ യുവതീ പ്രവേശനം നടത്താനാണ് സർക്കാർ വനിതാ മതിൽ സംഘടിപ്പിക്കുന്നതെന്ന ആരോപണം വിവരക്കേടാണ്. ശബരിമല വിഷയത്തിൽ സർക്കാർ നിസഹായരാണ്. ആചാര സംരക്ഷണമല്ല അധികാര സംരക്ഷണമാണ് ചിലർ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ.
ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ മതിലായിരിക്കും ഇന്ന് നടക്കുക. ഇന്നും പിന്നാക്കക്കാരന് അമ്പലങ്ങളിൽ കയറാൻ സാധിക്കുന്നില്ല. ശബരിമലയിൽ പല അവകാശങ്ങളും പിന്നാക്കക്കാരന് നഷ്‌ടമായി. അമ്പലങ്ങളെ ചിലർ സ്വകാര്യ സ്വത്താക്കുമ്പോൾ ഇടതുപക്ഷം പിന്നാക്കക്കാരനെ ശാന്തിക്കാരനായി നിയമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വനിതാ മതിലിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച എൻ.എസ്.എസിനെതിരെയും അദ്ദേഹം രൂക്ഷവിമർശനമാണ് നടത്തിയത്. കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത ജനകീയ ഭരണകൂടം നടത്തുന്ന പരിപാടിയിൽ നിന്നും ചിലർ മാത്രം മാറിനിന്നത് ശരിയായില്ല. കേരളത്തിലെ പോപ്പാണ് താൻ എന്നാണ് ചിലരുടെ ധാരണ. കാലം മാറിയത് എൻ.എസ്.എസ് തിരിച്ചറിയുന്നില്ല. എൻ.എസ്.എസിന്റെ പല നിലപാടുകളും വിവരക്കേടാണ്. അഹങ്കാരത്തിന് കയ്യും കാലും വെച്ച് നടക്കുകയാണ് ഇവർ. ഏതോ ദൂഷിത വലയത്തിലാണ് ജി.സുകുമാരൻ നായരെന്നും അദ്ദേഹം തുറന്നടിച്ചു.