london

ലണ്ടൻ: മാഞ്ചസ്റ്റർ വിക്ടോറിയ സ്റ്റേഷനിൽ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ 'അള്ളാഹ്' എന്ന് അലറി് വിളിച്ച് ചുറ്റുമുണ്ടായിരുന്ന സ്ത്രീയെയും പുരുഷനെയും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും കുത്തി പരിക്കേൽപ്പിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തു. പുതുവർഷ ആഘോഷങ്ങൾക്ക് മുൻപായിരുന്നു ആക്രമണം. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ബ്രിട്ടീഷ് ഭീകരവിരുദ്ധ സ്ക്വാഡ്.

50വയസ്സിനടുത്ത് പ്രായമുള്ള ഒരു സ്ത്രീയെയും പുരുഷനുമായിരുന്നു റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റത്. സ്ത്രീയുടെ മുഖത്തും വയറിലുമായാണ് കുത്തേറ്റത്. പുരുഷനും സമാനമായ രീതിയിൽ വയറിന് താഴെയാണ് കുത്തേറ്റതെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി. കൂടാതെ ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പൊലീസ് ഉദ്യോഗസ്ഥനും കുത്തേറ്റിരുന്നു.

ആക്രമിക്കുന്നതിന് മുൻപും ശേഷവും ഇയാൾ അള്ളാഹ് എന്നലറി വിളിക്കുന്നതായി ദൃക്സാക്ഷിയായ ബിബിസി റേഡിയോ പ്രൊഡ്യൂസർ സാം ക്ലാക് വ്യക്തമാക്കി. 'നിങ്ങൾ മറ്റു രാജ്യങ്ങളിൽ ബോംബിടുമ്പോൾ ഈ കളി ഇവിടെ തുടർന്നു കൊണ്ടിരിക്കും' ആക്രമണം നടത്തിയ ആൾ പറഞ്ഞതായി സാം പറഞ്ഞു. കൊലപാതക ശ്രമത്തിന്റ പേരിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിൽ കുത്തേറ്റവർക്ക് കാര്യമായ പരിക്കുകളുണ്ടെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കഴിയുന്നത്ര വേഗത്തിൽ സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടു വരുമെന്ന് മാഞ്ചസ്റ്രർ പൊലീസ് അറിയിച്ചു.