kader-khan

മുംബയ്: പ്രമുഖ ബോളിവുഡ് നടൻ കാദർ ഖാൻ അന്തരിച്ചു. 81 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്ന കാദർ ഖാൻ അവസാന നാളുകളിൽ കാനഡയിൽ മകനോടൊപ്പമായിരുന്നു താമസം. ന്യുമോണിയ ബാധയെ തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിറുത്തിയിരുന്നത്.

1937 ഒക്‌ടോബർ 22ന് കാബൂളിലാണ് കാദർ ഖാൻ ജനിച്ചത്. 1973ൽ രാജേഷ് ഖന്നയുടെ ദാഗ് ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് മുന്നൂറിലധികം ചിത്രങ്ങളിലൂടെ കാദർ ഖാൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു. അഭിനയത്തിന് പുറമെ നിരവധി ചിത്രങ്ങളുടെ രചനയും അദ്ദേഹം നിർവഹിച്ചു. ഖൂൻ ഭാരി മാംഗ്, ബീവി ഹോ തോ ഐസി, ബോൽ രാധാ ബോൽ, മേൻ ഖിലാഡി തൂ അനാരി, ജുദ്‌വ തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്.

250 ചിത്രങ്ങൾക്കാണ് കാദർ ഖാൻ സംഭാഷണം നിർവഹിച്ചത്. മൻമോഹൻ ദേശായി, പ്രകാശ് മെഹ്‌റ എന്നിവർക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ കൂടുതൽ ചിത്രങ്ങളും.