ഏറെ പുതുമകളോടെയാണ് 2019 കടന്നുവന്നത്. ലോകത്ത് 18-20 വയസ് പ്രായമുള്ളവരുടെ എണ്ണം മൂന്നിലൊന്നാകും. ഇവർ Gen Zers എന്ന പേരിലറിയപ്പെടും. ഉത്പന്നം മുതൽ രാഷ്ട്രീയം വരെയുള്ളവയിൽ ഇവരുടെ തീരുമാനം നിർണായകമായിരിക്കും. തൊഴിൽമേഖലയിൽ 2019 ൽ 15-20 ശതമാനം പെൺകുട്ടികൾ കൂടുതലായെത്തും. ബാങ്കിംഗ്, സാമ്പത്തികം, ഇൻഷ്വറൻസ്, ഓട്ടോമൊബൈൽ, ഐ.ടി, സോഫ്റ്റ്വെയർ, ഹോസ്പിറ്റാലിറ്റി, ട്രാവൽ, ടൂറിസം എന്നീ തൊഴിൽമേഖലകളിൽ വനിതാപ്രാതിനിധ്യം ഉയരുമെന്ന് ഇന്ത്യ സ്കിൽസ് റിപ്പോർട്ട് 2019 വ്യക്തമാക്കുന്നു. 2019ൽ ലോകത്ത് പകുതിയോളം പേരും ഓൺലൈനിലായിരിക്കും.
എച്ച് 1 ബി വിസ
അമേരിക്കയിൽ സാമ്പത്തികമാന്ദ്യത്തിന്റെ കാറ്റ് വീശാൻ തുടങ്ങിയിട്ടുണ്ടെങ്കിലും അമേരിക്കൻ സർവകലാശാലകളിൽ നിന്നും അഡ്വാൻസ്ഡ് ബിരുദം നേടിയവർക്ക് വേഗത്തിൽ എച്ച് 1ബി വിസ ലഭിക്കും. ആസ്ട്രേലിയയിൽ 457 തൊഴിൽ വിസയിലുള്ള നിയന്ത്രണം തുടരും. യൂറോപ്യൻയൂണിയനും, യു.കെയും തമ്മിലുള്ള വേർപിരിയലിൽ ബ്രെക്സിറ്റിലൂടെ യാഥാർത്ഥ്യമാകുമ്പോൾ ഇരുരാജ്യങ്ങളിലും ഏറെ ആശങ്കകൾ നിലനിൽക്കുന്നു ! ജർമ്മനിയിലും, ഫ്രാൻസിലും തൊഴിലവസരങ്ങൾ കുറയും. എന്നാൽ മാക്രോണിന്റെ പുത്തൻ പരിഷ്കാരങ്ങൾ 2019 പകുതിയോടെ ഫ്രാൻസിലെ സാമ്പത്തിക മാന്ദ്യത്തിന് അറുതി വരുത്തും. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരങ്ങൾ ക്രമേണ ഇല്ലാതാകും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ കൂടുതൽ അന്താരാഷ്ട്രതല വിദ്യാർത്ഥികളെ ആകർഷിക്കാൻ പോസ്റ്റ് സ്റ്റഡി വർക്ക് വിസ നടപ്പിലാക്കാൻ ശ്രമിക്കും. പുതുക്കിയ യു.കെ. സ്കിൽ പോളിസിയിൽ ഒരു വർഷത്തെ പോസ്റ്റ് സ്റ്റഡി വർക്ക് വിസ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാങ്കേതിക വിദ്യ കരുത്താർജ്ജിക്കും
2019-ൽ ഇലക്ഷൻ നടക്കുന്നതോടെ ഇന്ത്യയിൽ തൊഴിൽമാന്ദ്യം പ്രതീക്ഷിക്കാം. പദ്ധതി നടത്തിപ്പിന് കാലതാമസം വരാനിടയുണ്ട്. അഡ്വാൻസ്ഡ് ഐ.ടിരംഗത്ത് വൻവളർച്ച 2019 ൽ പ്രകടമാകും. ആരോഗ്യം, റീട്ടെയിൽ, ഓട്ടോമൊബൈൽ, വ്യവസായ, അഗ്രി ബിസിനസ് മേഖലകളിൽ ഇന്റർനെറ്റ് ഓഫ് തിംഗ്സ് വിപുലപ്പെടും. സേവന മേഖലയിൽ ഡിജിറ്റൽ ടെക്നോളജി കൂടുതലായി പ്രയോജനപ്പെടുത്തും. ക്രിയേറ്റിവിറ്റി, പ്രശ്നാധിഷ്ഠിത, വസ്തുതാപര നൈപുണ്യ വികസനം ഊർജ്ജിതപ്പെടും.
സേവനം, കണക്ടിവിറ്റി, ആരോഗ്യം, ബുദ്ധിശക്തി, വ്യക്തിത്വവികസനം, സുരക്ഷ, സുസ്ഥിരത, ക്രിയേറ്റിവിറ്റി മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ കരുത്താർജ്ജിക്കും. 2019-ൽ ഇന്റർനെറ്റ് ഓഫ് തിംഗ്സ്, അനലിറ്റിക്സ്, ഡ്രോൺ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ബ്ലോക്ക് ചെയിൻ, ജി.പി.എസ്. അധിഷ്ഠിത കംപ്യൂട്ടിംഗ്, സൈബർ സെക്യൂരിറ്റി എന്നീ ന്യൂജെൻ സാങ്കേതികവിദ്യ വിദ്യാഭ്യാസ - തൊഴിൽ മേഖലകളിൽ വിപുലപ്പെടും. പരമ്പരാഗത കമ്പനികൾ ഡിജിറ്റലൈസേഷൻ പ്രാവർത്തികമാക്കുന്നതിനനുസരിച്ച് രാജ്യത്ത് ഡിജിറ്റൽ കമ്പനികളെ ഏറ്റെടുക്കുന്ന പ്രവണത കൂടുതൽ ദൃശ്യമാകും.
ഡാറ്റ സയൻസ്, ഓട്ടമേഷൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, സ്കിൽ വികസനം, സാങ്കേതികവിദ്യയിൽ ഊന്നിയുള്ള ഇന്നവേഷൻ, ടാലന്റ് അനലിറ്റിക്സ്, അഡ്വാൻസ്ഡ് ഐ.ടി, സ്മാർട്ട് സാങ്കേതികവിദ്യ എന്നിവയും മെഷീൻ ലേണിംഗും വൻവളർച്ച കൈവരിക്കും. സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ എന്നിവയിൽ 2019-ൽ വൻവളർച്ച പ്രതീക്ഷിക്കാം.
സുസ്ഥിരതയുടെ കാര്യത്തിൽ സ്റ്റാർട്ടപ്പുകൾ ഏറെ വെല്ലുവിളികൾ നേരിടേണ്ടിവരും. സംരംഭം തുടങ്ങാനുള്ള കാലതാമസത്തിൽ ചെറിയ മാറ്റം 2019-ൽ പ്രതീക്ഷിക്കാം. സംരംഭകർ സ്റ്റാർട്ടപ്പ്, MSME ഭൗതികസൗകര്യ മേഖലകളിൽ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കും. 2019-ൽ തൊഴിലാളികളുടെ എണ്ണത്തിൽ 15-20 ശതമാനം രാജ്യത്ത് വർദ്ധനവുണ്ടാകും. ബാങ്കിംഗ്, സാമ്പത്തികം, ഇൻഷ്വറൻസ്, ഓട്ടോമൊബൈൽ, ഐ.ടി, സോഫ്ട് വെയർ, ഹോസ്പിറ്റാലിറ്റി, ട്രാവൽ, ടൂറിസം മേഖലകളിൽ വനിതാപ്രാതിനിധ്യം വർദ്ധിക്കും.
രാജ്യത്തെ മികച്ച തൊഴിൽദായക സ്ഥാപനങ്ങളിൽ ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവ മുൻനിരയിലായിരിക്കും. 2025 ഓടുകൂടി വ്യവസായ മേഖലയിൽ കമ്പനികൾ 2.5-3 ദശലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്നാണ് ഗാർട്നറുടെ പഠനം വ്യക്തമാക്കുന്നത്. ഇന്ത്യാ-സ്കിൽസ് റിപ്പോർട്ട് 2019 ലും ഇന്ത്യയിൽ വനിതാ തൊഴിലവസരങ്ങൾ വർദ്ധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
കാർഷികമേഖലയിൽ സാങ്കേതിക മികവ്
കാർഷികമേഖലയിൽ മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണം ലക്ഷ്യമിട്ട് കൂടുതൽ ഭക്ഷ്യസംസ്കരണ യൂണിറ്റുകളാരംഭിക്കും. റെഡി ടു ഈറ്റ്, റെഡി റ്റു കുക്ക് ഉല്പന്നങ്ങൾ കൂടുതലായി വിപണിയിലെത്തും. കാർഷികമേഖലയിൽ പ്രിസിഷൻ സാങ്കേതിക വിദ്യകൾ പ്രാവർത്തികമാകും. ഇ-കൊമേഴ്സ് രംഗത്തെ വളർച്ച ഭക്ഷ്യ, റീട്ടെയിൽരംഗത്തും പ്രകടമാകും. 2022 ഓടെ രാജ്യത്തെ മൊത്തം റീട്ടെയിൽ വിപണിയുടെ 70 ശതമാനവും, ഭക്ഷ്യറീട്ടെയിൽ മേഖല കയ്യടക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എൻജിനീയറിംഗിൽ ഡിസൈൻ, എനർജി, പവർ, എംബഡഡ് സിസ്റ്റംസ്, പ്രീഫാബ്,അഡ്വാൻസ്ഡ് ഐ.ടി, സൈബർ സെക്യൂരിറ്റി, ഭക്ഷ്യസംസ്കരണം എന്നിവയിൽ വൻവളർച്ച പ്രതീക്ഷിക്കാം. ഭൗതികസൗകര്യ വികസനം, ആർക്കിടെക്ചർ, ക്രിയേറ്റിവിറ്റി, നിർമ്മാണം, കമ്മ്യൂണിക്കേഷൻ മേഖലകളിൽ തൊഴിലവസരം വർദ്ധിക്കും. ഓട്ടോമൊബൈൽ മേഖല വൻവളർച്ച കൈവരിക്കും. ഇന്റീരിയർ, ഹോം, ടെക്സ്റ്റൈൽ രംഗത്ത് ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കാം. ജൈവകൃഷി, നാച്വറൽ ഫാമിംഗ് എന്നിവയോട് കർഷകർക്കും സംരംഭകർക്കും താത്പര്യം വർദ്ധിക്കും. എല്ലാ മേഖലകളിലും നാച്വറൽ ഉത്പന്നങ്ങൾ ലഭ്യമാകും.
സാങ്കേതിക വിദ്യ, ഇന്നവേഷൻ എന്നിവ ഇന്ത്യയിൽ 2019 ൽ എല്ലാ മേഖലകളിലും പ്രകടമാകും. സയൻസ്, ടെക്നോളജി, എൻനീയറിംഗ്, മാത്തമാറ്റിക്സ് ബിരുദധാരികൾ രാജ്യത്ത് സാങ്കേതിക വിപ്ലവത്തിന് നാന്ദി കുറിയ്ക്കും. സാമ്പത്തിക സേവനമേഖലയിൽ Unified Payment Interfaces ഊർജ്ജിതപ്പെടും. ഏഷ്യ- പസഫിക് മേഖലയിൽ 2019-ൽ കരുത്താർജ്ജിച്ച രാജ്യമായി ഇന്ത്യ മാറാനാണ് സാധ്യത !