ന്യൂഡൽഹി: റാഫേലിൽ കേന്ദ്ര ധനമന്ത്രി ജെയ്‌റ്റ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നുവെന്ന് ലോക്‌സഭയിൽ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. റാഫേൽ ഇടപാടിൽ നിന്ന് കോൺഗ്രസ് ഓടിപ്പോയെന്നും, കോൺഗ്രസ് ചർച്ചയ്‌ക്ക് തയ്യാറാവണമെന്നും ജയ്റ്റ്ലി അഭിപ്രായപ്പെട്ടിരുന്നു. ഇതിൽ പ്രതികരിച്ചാണ് ഖാർഗെ രംഗത്തെത്തിയത്.
‘ജെയ്റ്റ്‌ലി ജി ഞങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണ്. ജനുവരി രണ്ടിന് സംവാദത്തിന് ഞങ്ങൾ തയ്യാറാണ്. സമയം നിശ്ചയിച്ചോളൂ’ ഖാർഗെ പറഞ്ഞു. റാഫേൽ ഇടപാടിൽ ജെ.പി.സി അന്വേഷണം നടത്തണമെന്നമെന്നും ഖാർഗെ വ്യക്തമാക്കി.
ഡിസംബർ ഒന്നിന് പാർലമെന്റ് സമ്മേളനം ആരംഭിച്ചത് മുതൽതന്നെ റാഫേലിൽ ജെ.പി.സി(സംയുക്ത പാർലമെന്റെറി സമിതി)അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. റാഫേൽ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് ജെറ്റുകളുടെ വില പുറത്ത് വിടാത്തതെന്നും മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. അതേസമയം, വിഷയം ചർച്ച ചെയ്യാൻ സർക്കാർ ഒരുക്കമാണെന്നും നുണകൾ ആവർത്തിച്ചാൽ സത്യമാവില്ലെന്നും അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
റാഫേൽ ഇടപാട് പി.എ.സി(പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി) പരിശോധിച്ചെന്ന് സർക്കാർ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് മുമ്പ് ഖർഗെ അഭിപ്രായപ്പെട്ടിരുന്നു. റാഫേൽ വിഷയത്തിൽ സി.എ.ജി(കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ)റിപ്പോർട്ടുണ്ടെന്നും അത് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചെന്നുമുള്ള വിധിയിലെ പരാമർശം വസ്‌തുതാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസും രംഗത്തെത്തിയിരുന്നു.