തിരുവനന്തപുരം: നവോത്ഥാനം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ എതിർപ്പുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ രംഗത്തെത്തി. സ്ത്രീകളെ പരസ്യമായി പൊതുനിരത്തിൽ ഇറക്കുന്ന വനിതാ മതിലുമായി സഹകരിക്കാനാവില്ല. മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാവില്ലെന്നം അദ്ദേഹം വ്യക്തമാക്കി. എസ്.എൻ.ഡി.പി, കെ.പി.എം.എസ് തുടങ്ങി നൂറിലേറെ സാമുദായിക സംഘടനകൾ മതിലിന് പിന്തുണ പ്രഖ്യാപിച്ചതിനിടെയാണ് എതിർപ്പുമായി സമസ്‌ത എത്തിയത്.
ഇന്ന് വൈകുന്നേരം നാല് മണിയ്‌ക്കാണ് രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും വനിതാ മതിൽ സംഘടിപ്പിക്കുന്നത്. കാസർകോട് താലൂക്ക് ഓഫീസിന് മുന്നിൽ തുടങ്ങി തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമ വരെ 620 കിലോമീറ്റർ നീളത്തിലാകും വനിതാമതിൽ തീർക്കുക. വൈകിട്ട് 4ന് ദേശീയപാതയുടെ പടിഞ്ഞാറ് വശത്താണ് സ്ത്രീകൾ അണിനിരക്കുന്നത്. സംഘാടകരായ സാമൂഹ്യ, രാഷ്ട്രീയ സംഘടനകൾ നിശ്ചിത കേന്ദ്രങ്ങളിൽ മൂന്ന് മണിക്ക് തന്നെ ഇവരെ എത്തിക്കും. മൂന്നര മണിക്ക് റിഹേഴ്സൽ. നാല് മുതൽ നാലേകാൽ വരെയാണ് മതിൽ.
നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും സ്ത്രീസമത്വത്തിനായി നിലകൊള്ളുമെന്നും കേരളത്തെ ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുമെന്നും വനിതകൾ പ്രതിജ്ഞയെടുക്കും. ഓരോ കിലോമീറ്ററിലും 620 സ്ത്രീകളടങ്ങുന്ന കോർഗ്രൂപ്പ് മതിലിന്റെ നിയന്ത്രണത്തിനായുണ്ടാകും. പ്രതിജ്ഞ ചൊല്ലിക്കൊടുക്കാനും വനിതകളെ നിശ്ചയിച്ചിട്ടുണ്ട്.