seema-mamootty

മലയാളത്തിന്റെ മെഗാ സ്‌റ്റാർ മമ്മൂട്ടിയുടെ സ്വഭാവ സവിശേഷതകളൊക്കെ സിനിമാ പ്രേമികൾക്ക് മനപാഠമാണ്. മമ്മൂട്ടിയ്‌ക്ക് ജാ‌ഡയാണ്, പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ് എന്ന് തുടങ്ങിയ വായ്‌ത്താരികൾ സിനിമയ്‌ക്ക് അകത്തും പുറത്തും രഹസ്യമല്ല. എന്നാൽ ഇതൊന്നും ശരിയല്ലെന്ന് പറയുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി ഉർവശി. ഒരു പ്രമുഖ മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയോടൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഉർവശി തന്റെ അനുഭവം വ്യക്തമാക്കിയത്.

'കുട്ടികളുടെ സ്വഭാവമാണ് മമ്മൂക്കയ്‌ക്ക്. അദ്ദേഹത്തിന് ഇഷ്‌ടമുള്ള വാച്ച് വേറൊരാൾ കെട്ടികൊണ്ട് വന്നാൽ മതി പിണങ്ങി. ഒരു പുതിയ സാധനം വന്നാൽ ആദ്യം അത് മേടിക്കണം. വേറാരെങ്കിലും മേടിച്ചാൽ ചോദിക്കും, 'ഓ അതപ്പോഴേക്കും വാങ്ങിയോ?', അതിഷ്‌ടമല്ല.

മമ്മൂക്ക വാഹനം ഓടിക്കുമ്പോൾ ആരും ഓവർടേക്ക് ചെയ്‌തുകൂടാ. സ്‌കൂട്ടറിനെയൊക്കെ ഓവർടേക്ക് ചെയ്‌തിട്ട് ഞാൻ ജയിച്ചല്ലോ എന്ന മട്ടിലിരിക്കും. പറപ്പിക്കും. ഓവർടേക്ക് ചെയ്‌ത് പറപ്പിക്കും. നമ്മൾ ജീവൻ കൈയിൽ പിടിച്ചിരിക്കും.

ഒന്നും മറച്ചു വയ്‌ക്കാതെയുള്ള പെരുമാറ്റം. അടുപ്പമുള്ളവരോട് വളരെ അടുപ്പം. അതാണ് മമ്മൂക്ക. നമസ്‌കാരം പറഞ്ഞാൽ നിറുത്തില്ല. അതിനൊരു കാരണമുണ്ട് മമ്മൂക്കയ്‌ക്ക് ഈ നമസ്‌കാരം പറച്ചിലിലൊന്നും കമ്പമില്ല. ഒരുദിവസം ഞാൻ സീമചേച്ചിയോട് പറഞ്ഞു 'മമ്മൂക്ക നമസ്‌കാരം പറയുന്നില്ല'. സീമ ചേച്ചി പറഞ്ഞു 'വാ ചോദിക്കാം'. സീമ ചേച്ചി ചെന്നു. 'നമസ്‌കാരം മമ്മൂക്ക'. മമ്മൂക്ക തലയാട്ടി. ആ... സീമ ചേച്ചി വിട്ടില്ല. 'എന്തോന്ന് ആ...നമസ്‌കാരം പറഞ്ഞൂടെ'. മമ്മൂക്ക വല്ലാതായി. 'ഇന്നലെ 12 മണിക്ക് ഷൂട്ടിംഗ് കഴിഞ്ഞ് പിരിഞ്ഞതല്ലേ. ഇപ്പോ ആറു മണി. ഇതിനിടയ്‌ക്ക് നമസ്‌കാരം വേണോ?'

പക്ഷേ അടുത്ത ദിവസം മമ്മൂക്ക ഒരുങ്ങി തന്നെ വന്നു. ഷൂട്ട് തുടങ്ങുന്നു. മമ്മൂക്ക കാമറാമാനോട് പറഞ്ഞു. ഒരു മിനിട്ട്. എന്നിട്ട് എന്നെയും സീമചേച്ചിയെയും നോക്കി നമസ്‌കാരം പറഞ്ഞു'.