ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അവാമി ലീഗ് നേതാവ് ശൈഖ് ഹസീന നടത്തിയ മറുപടി വൈറലാകുന്നു. രാജ്യത്ത് പ്രതിപക്ഷമില്ലാത്തതിനെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യവുമായി താരതമ്യം ചെയ്‌ത് കൊണ്ടായിരുന്നു ഹസീനയുടെ പരാമർശം. ഒരു നേതാവിനെ പോലും ഉയർത്തിക്കാട്ടാൻ ഇല്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് കോൺഗ്രസിനും ബംഗ്ലാദേശിലെ രാഷ്ട്രീയ പാർട്ടികൾക്കും വിനയായത്. ഇക്കാര്യത്തിൽ നിന്നും അവർ പാഠം ഉൾക്കൊള്ളണമെന്നും അവർ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് എത്ര സീറ്റുകളാണ് ലഭിച്ചത്. തങ്ങളുടെ പ്രധാനമന്ത്രി ആരാണെന്ന് തീരുമാനിക്കാൻ പോലും അവർക്കായില്ല. ഇത്രയും പാരമ്പര്യമുള്ള ഒരു പാർട്ടിയെ ആര് നയിക്കുമെന്ന കാര്യത്തിലും അവർക്ക് നിശ്ചയമില്ല. അതുകൊണ്ടാണ് കോൺഗ്രസിന് ആളുകൾ വോട്ട് ചെയ്യാതിരുന്നത്. രാജീവ് ഗാന്ധി തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബി.ജെ.പിക്ക് രണ്ട് സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യ ഭരിക്കുകയാണ്. ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ അധികാരത്തിൽ തിരിച്ചെത്താമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഹസീന ചൂണ്ടിക്കാട്ടി.
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷം നേടിയാണ് ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് അധികാരത്തിലേറിയത്. മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാർട്ടി വെറും ഏഴ് സീറ്റുകളിൽ ഒതുങ്ങിയപ്പോൾ 288 സീറ്റുകൾ നേടിയാണ് നാലാമതും ശൈഖ് ഹസീന ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയത്.അതേസമയം, പ്രതിപക്ഷ പാർട്ടി നേതാക്കളെ ജയിലിൽ അടച്ചും മൃഗീയമായി അടിച്ചമർത്തിയുമാണ് ശൈഖ് ഹസീന അധികാരത്തിലേറിയതെന്നാണ് പ്രതിപക്ഷ ആരോപണം.