തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുകയെന്ന മുദ്രാവാക്യവുമായി ഇന്ന് വനിതാമതിൽ ഉയരുന്നതോടെ സംസ്ഥാനത്ത് കോൺഗ്രസ് പൂർണ്ണമായി നാശത്തിലേക്ക് പോകുമെന്നും ബി.ജെ.പിയുടെ സമ്പൂർണ്ണ തകർച്ച അനിവാര്യമാക്കുമെന്നും വ്യവസായമന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജൻ പറഞ്ഞു. വരാൻ പോകുന്ന തിരഞ്ഞെടുപ്പിലടക്കം കോൺഗ്രസ്, ബി.ജെ.പി കക്ഷികൾക്ക് ശക്തമായ താക്കീതാവും ഈ വനിതാമതിൽ. ഇ.പി. ജയരാജൻ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
കോൺഗ്രസിന്റെ വ്യാമോഹം
ബി.ജെ.പിയുടെ വർഗീയ നിലപാടിനെ പിന്തുടർന്ന് മൃദുഹിന്ദുത്വ സമീപനത്തെ താലോലിക്കുന്ന കോൺഗ്രസ് അതുവഴി നാലഞ്ച് വോട്ട് നേടാമെന്ന വ്യാമോഹത്തിലാണ്. അവരുടെ അവസരവാദ, പിന്തിരിപ്പൻ നിലപാടുകളെ ജനം വെറുത്തുകഴിഞ്ഞു. അതിൽ നിന്ന് മാറിപ്പോകാനും പുരോഗമനപരവും മനുഷ്യത്വപരവുമായ ചിന്തകളെ ഉയർത്തിപ്പിടിക്കാനുമായാണ് ഇന്ന് വനിതാമതിലിൽ സ്ത്രീകൾ അണിനിരക്കാൻ പോകുന്നത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വകതിരിവില്ലാതെ സംസാരിക്കുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാകട്ടെ പ്രത്യേക താല്പര്യത്തോടെയും നിരീക്ഷണത്തോടെയുമാണ് കാര്യങ്ങളെ കാണുന്നത്.
യോഗത്തിലുയർന്ന ആശയം
ശബരിമല യുവതീ പ്രവേശനത്തിനായുള്ള കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ നവോത്ഥാന മൂല്യങ്ങൾക്കെതിരെ കടന്നാക്രമണമുണ്ടായപ്പോൾ സർക്കാർ വിളിച്ചുചേർത്ത നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലുയർന്ന ആശയമാണ് ഇന്നത്തെ വനിതാകൂട്ടായ്മ. ഒട്ടനവധി സാമൂഹ്യ മുന്നേറ്റങ്ങളുടെ തുടർച്ചയായാണ് സ്ത്രീകളുൾപ്പെടെയുള്ളവർ ഇന്നത്തെ സ്വാതന്ത്ര്യം നേടിയെടുത്തത്. ഇന്ന് ഇന്ത്യയിലെ ഏത് സംസ്ഥാനത്തേക്കാളും ഉയർന്ന സാമൂഹ്യനിലവാരം വച്ചുപുലർത്തുന്നത് കേരളത്തിലെ സ്ത്രീകളാണ്. തദ്ദേശ സ്ഥാപനങ്ങളിൽ 50 ശതമാനം സ്ത്രീ സംവരണമുള്ള ഏക സംസ്ഥാനം കേരളമാണ്. പഞ്ചായത്തിരാജ്- നഗരപാലികാ ഭേദഗതിബില്ലിൽ പോലും മൂന്നിലൊന്ന് സ്ത്രീ സംവരണമേ പറയുന്നുള്ളൂ. എന്നാൽ അത് പോലും രാജ്യത്ത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം നടപ്പാക്കിയിട്ടില്ല. നിയമസഭകളിലും പാർലമെന്റിലും അത് പാലിക്കപ്പെടാൻ പാർലമെന്റ് നിയമം പാസാക്കണം. അതിനും അവർ തയ്യാറല്ല.
തിരിച്ച് നടത്തിക്കാൻ ശ്രമം
ബി.ജെ.പി- ആർ.എസ്.എസ് ശക്തികൾ എല്ലാ പുരോഗമന ചിന്തകൾക്കും എതിര് നിൽക്കുന്നവരാണ്. പഴയ ഫ്യൂഡൽ നാടുവാഴിത്ത കാലത്തേക്ക് ആളുകളെ തിരിച്ച് നടത്തിക്കാനാണവർ ശ്രമിക്കുന്നത്. കേരളത്തിന്റെ ഇന്നത്തെ വളർച്ചയ്ക്കോ സാമൂഹ്യവികാസത്തിനോ ഒരു പങ്കും വഹിക്കാത്ത പാർട്ടിയാണ് ബി.ജെ.പി. വടക്കേ ഇന്ത്യയിൽ നഗ്നസന്യാസിമാരുടെ ഘോഷയാത്ര വരെ നടത്തുന്ന പാർട്ടിയാണവർ. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശം സ്ത്രീകൾക്ക് അനുവദിക്കരുത് എന്ന നിലപാടിനെതിരെ പോരാടാൻ പുരോഗമന, ഇടതുപക്ഷ ചിന്താഗതി കാത്തുസൂക്ഷിക്കുന്നവർ പ്രതിജ്ഞാബദ്ധമാണ്.