തിരുവനന്തപുരം: സർക്കാർ സംവിധാനങ്ങൾ കയ്യിലുണ്ടെന്ന് കരുതി ഏത് മുഖ്യമന്ത്രി വിചാരിച്ചാലും ആചാരങ്ങൾ തകർക്കാൻ അനുവദിക്കില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടായി മാറും. ആചാരവും അനാചാരവും അറിയാത്തവരാണു നവോത്ഥാനം പഠിപ്പിക്കാൻ വരുന്നത്. എൻ.എസ്.എസ് മന്നത്തിന്റെ പാതയിലല്ലെന്നു പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശം. എൻ.എസ്.എസിന് രാഷ്ട്രീയമില്ലെന്നും മന്നം ജയന്തിയോട് അനുബന്ധിച്ചു നടന്ന പരിപാടിയിൽ പങ്കെടുത്ത് സുകുമാരൻ നായർ പറഞ്ഞു.
അതേസമയം, അംഗങ്ങൾക്ക് ഏത് രാഷ്ട്രീയവും സ്വീകരിക്കാനുള്ള അവകാശമുണ്ട്. എന്നാൽ സംഘടനയ്ക്കുള്ളിൽ രാഷ്ട്രീയം കലർത്താൻ അനുവദിക്കില്ല. എല്ലാവർക്കും വേണ്ടിയാണ് ശബരിമല വിഷയത്തിൽ പ്രതികരിച്ചത്. ഒരു സമുദായ നേതാവ് കേന്ദ്ര പൊലീസിന്റെ അകമ്പടിയോടെ നടക്കുന്നെന്നും സുകുമാരൻ നായർ പരിഹസിച്ചു. സർക്കാരിന്റെ നീക്കങ്ങളെ ഗാന്ധിയൻ മാർഗത്തിലൂടെ ചെറുക്കും. ശബരിമല വിഷയത്തിൽ എത്ര തവണയാണ് സർക്കാർ നിലപാട് മാറ്റം നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയിലെ സർക്കാർ നിലപാടിനെതിരെ എൻ.എസ്.എസ് പ്രമേയം പാസാക്കുകയും ചെയ‌്തു.