editors-pick

ശിവഗിരി തീർത്ഥാടനത്തിന്റെ ഒരു വർഷം കൂടി കടന്നുപോയിരിക്കുന്നു.ഓരോ തീർത്ഥാടനം കഴിയുമ്പോഴും നിർമ്മലമായ മനസിന്റെ സ്വാധീനത്താൽ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും പൊതുജീവിതത്തിലും നാം പാലിക്കപ്പെടേണ്ട ധാർമ്മികമൂല്യങ്ങൾ ഉൾക്കൊണ്ട വ്യക്തിത്വങ്ങളായിട്ടാണ് ശിവഗിരി തീർത്ഥാടനം നടത്തി മടങ്ങുന്ന ഓരോരുത്തർക്കും അനുഭവപ്പെടുന്നത്. അത് ജീവിതത്തിൽ പാലിക്കാനും പ്രചരിപ്പിക്കാനും ശ്രീനാരായണ ഭക്തരായ എല്ലാവരും തന്നെ തയ്യാറാവുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ഗുരുവിന്റെ തത്വദർശനത്തിന്റെ ആർദ്രതയും അതുതന്നെയാണ്. ഏത് സാമൂഹ്യ സാഹചര്യത്തിലും ഏത് നാട്ടിലും ഏത് ജീവിക്കും ഗുരുദർശനം കാലാതീതമാണ്.


എന്നാൽ കഴിഞ്ഞ തീർത്ഥാടനത്തിനുശേഷം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ എന്തൊക്കെ പരിവർത്തനങ്ങളാണ് സംഭവിച്ചത് എന്നുള്ളത് വളരെ ശ്രദ്ധയോടും പ്രാധാന്യത്തോടും കൂടി ചർച്ച ചെയ്യാൻ ഈ തീർത്ഥാടനം സമയം കണ്ടേത്തിയിരിക്കുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. അതുതന്നെയാണ് ചെയ്യേണ്ട കർമ്മവും. ഓരോ കാലഘട്ടത്തിലും സമൂഹത്തിൽ അനുകൂലമായും പ്രതികൂലമായും പരിവർത്തനങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. അവയെ ഇഴതിരിച്ച് മനസിലാക്കി അനുകൂലമായി സംഭവിക്കുന്നതിന് ഉപയോഗിച്ച് കരുത്ത് നേടുകയും പ്രതികൂലമായി സംഭവിക്കുന്നതിന് പരമാവധി അതിന്റെ തീഷ്ണത കുറച്ച് നേരിടുകയോ അല്ലെങ്കിൽ അതിൽ നിന്നും പരമാവധി ഒഴിഞ്ഞുമാറിനിന്നുകൊണ്ട് അതിജീവനത്തിന്റെ പാഠം ഉൾക്കൊള്ളേണ്ട സമീപനമാണ് നാം സ്വീകരിക്കേണ്ടത്. കഴിഞ്ഞ വർഷം പൊതുസമൂഹം നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണ് ഇപ്പോൾ നിൽക്കുന്നത്. നൂറ്റാണ്ട് കണ്ട ഏറ്റവും ശക്തമായ പ്രളയത്തിന് നാം സാക്ഷിയാകേണ്ടി വന്നു. ഏതാണ്ട് 85 പേരോളം മരണപ്പെടുകയും 15 പേരോളം കാണാതെയുമായി. ലോകം കണ്ട അതിശക്തമായ പ്രളയമായിരുന്നു കേരളത്തിൽ സംഭവിച്ചത് എന്ന് ആഗോളതലത്തിൽ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. കിടപ്പാടം നഷ്ടപ്പെട്ട പതിനായിരങ്ങൾ, ഭൂമി നഷ്ടപ്പെട്ട അനേകം പേർ, തൊഴിലും തൊഴിലുപകരണങ്ങളും നഷ്ടപ്പെട്ടതിലൂടെ പ്രളയം അനാഥമാക്കിയത് ലക്ഷക്കണക്കിന് മനുഷ്യരെയാണ്.
അതൊരു മഹാദുരന്തമായിരുന്നു. ആ ദുരന്തത്തിന്റെ തീവ്രത പരമാവധി കുറയ്ക്കാൻ കഴിഞ്ഞത് നമ്മുടെ നാടിന്റെ ഒത്തൊരുമയും കൃത്യമായ ഏകോപനവുമായിരുന്നു. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് പ്രളയത്തെ അതിജീവിച്ച നമ്മെ ലോകം തന്നെ അഭിനന്ദിക്കുകയുണ്ടായി. അതുതന്നെയാണ് നമ്മുടെ കൂട്ടായ്മയ്ക്കുള്ള അംഗീകാരം. എന്നാൽ എത്രവേഗമാണ് നാം അതിൽ നിന്നും പിന്നോക്കം പോയത്. എത്രവേഗമാണ് പലതുരുത്തുകളായി മാറിയത്. എത്രവേഗത്തിൽ നമ്മുടെ നാടിന്റെ സമാധാനം തല്ലിക്കെടുത്തി. ഇന്ന് നമ്മുടെ മനുഷ്യർ എത്രമാത്രം മാനസിക സംഘർഷം അനുഭവിക്കുന്നു. ഈ മാനസിക സംഘർഷത്തിനുള്ള കാരണം തന്നെ വിവേചനബുദ്ധിയോടെ വിഷയങ്ങളെ നേരിടുന്നതിനുള്ള പരിമിതിയാണ്. ഈ പരിമിതിയെ അതിജീവിക്കുന്നതിനുള്ള മഹാദർശനമാണ് ശ്രീനാരായണഗുരുദേവൻ തീർത്ഥാടന ലക്ഷ്യങ്ങളായി നൽകിയിരിക്കുന്നത്. അതിൽ പറഞ്ഞിരിക്കുന്ന എല്ലാ വിഷയങ്ങളും കാലാതീതമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്. അങ്ങനെ ചെയ്യുമ്പോഴുണ്ടാകുന്ന ഒരു സമത്വഭാവനയാണ് അതിജീവനത്തിനുള്ള മൂലമന്ത്രം.
ഇത് ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതാണ്. കാരണം ശിവഗിരിയിൽ വരുന്നവർക്കുമാത്രമായി ഇന്ന് ഇത് പരിമിതപ്പെടുത്തിയിരിക്കുന്നു. അതൊരു വലിയ പോരായ്മയാണ്. ഗുരുദേവഭക്തരായിട്ടുള്ളവരാരും തന്നെ ഒരു വിഷയത്തിലും മാനസിക സംഘർഷം അനുഭവിക്കുന്നില്ല. കാരണം ഓരോ വർഷവും നടത്തുന്ന തീർത്ഥാടനത്തിലും അവർ അവരുടെ മനസിനെ പുനർനിർമ്മിച്ചുകൊണ്ടിരിക്കും. എത്ര തീവ്രമായ വിഷയങ്ങളേയും ഗുരുവിന്റെ വിശ്വമാനവിക സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താനും തീരുമാനമെടുക്കാനുമുള്ള വിവേചനബുദ്ധിയുണ്ടാകുന്നത് ഗുരുഭക്തർക്കുമാത്രമാണ്. അതുകൊണ്ടുതന്നെ ഗുരുഭക്തർ ആരുടേയും തടവറയിലല്ല. ഒരു രാഷ്ട്രീയക്കാരന്റേയും ഒരു നേതാവിന്റേയും വാക്കുകൾ അവരെ അലോസരപ്പെടുത്താറില്ല. രാഷ്ട്രീയതീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ ഗുരുദേവഭക്തരുടെ തീരുമാനങ്ങൾക്ക് എപ്പോഴും മതാതീതവും മഹനീയവുമായ ഒരു സൗന്ദര്യമുണ്ടാകും. അവരെ ജാതിയും മതവും രാഷ്ട്രീയവും അല്ല സ്വാധീനിക്കുന്നത് മറിച്ച് ധർമ്മവും നീതിയും സാഹോദര്യവുമാണ് പ്രധാനഘടകം. എന്നാൽ ഗുരുവിനെ അറിയാതെ ഗുരുവിന്റെ ദാർശനിക കാഴ്ചപ്പാടുകളെ ഉൾക്കൊള്ളാതെ പരബ്രഹ്മസ്വരൂപനായ ഭഗവാന്റെ അനിർവചനീയ ത്രികാലജ്ഞാനത്തെ മനസിലാക്കാതെ കേവലം തങ്ങളുടെ അറിവിന്റെ തലങ്ങളിൽ നിന്നും അളക്കാൻ ശ്രമിക്കുന്ന ആർക്കും സത്യദർശനം ലഭിക്കില്ല. സത്യദർശനം ഉള്ളവർക്ക് മാത്രമേ മനുഷ്യജീവന്റെ ഭാഗ്യത്തെക്കുറിച്ചും അതിലെ സാഹോദര്യത്തിന്റെ അർത്ഥതലങ്ങളെക്കുറിച്ചും മനസിലാക്കാൻ കഴിയൂ. അതിലേയ്ക്ക് എത്തിക്കുന്നതാണ് ശിവഗിരിയും അവിടുത്തെ ഓരോ സ്പന്ദനവും.
ഈ അറിവുകളാണ് അവിടെച്ചെല്ലുന്നവർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നത്. ഗുരുഭക്തരും അല്ലാത്തവരും തമ്മിൽ വ്യക്തിജീവിതത്തേയും കുടുംബജീവിതത്തേയും പൊതുജീവിതത്തേയും കുറിച്ച് വ്യത്യസ്ത ധ്രുവങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. അതാണ് ഇന്നത്തെ ഓരോ പ്രതിസന്ധിക്കും കാരണം. അതില്ലാതാവണമെങ്കിൽ ഓരോരുത്തരിലും ജാതിമത രാഷ്ട്രീയ ലിംഗ വ്യത്യാസമില്ലാതെ ചെറുപ്പം മുതലേ അവരിലേക്ക് ''മതമേതായാലും മനുഷ്യൻ നന്നാവാൻ'' പഠിപ്പിച്ച ഗുരുവിന്റെ മാനവമോചനമന്ത്രം പകർന്നുകൊടുക്കാൻ കഴിയണം. മിതവാദികളും തീവ്രവാദികളും തമ്മിലുള്ള തർക്കം തീരാൻ ഒരു പീഡ എറുമ്പിനും വരുത്തരുതെന്ന അനുകമ്പാദശകം അവരിലേക്ക് ഒരു കുളിർകാറ്റുപോലെ കടന്നെത്താൻ കഴിയണം. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള ദൈർഘ്യം അകറ്റാൻ ''അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം'' എന്ന ആശയസംഹിതയുടെ പൊരുൾ അറിഞ്ഞാൽ മതി. ജാതിപ്രീണന നയത്തിലൂടെ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരുടെ മുന്നിൽ ശിവപ്രതിഷ്ഠയും അവിടുത്തെ ലോകസന്ദേശവും മനിലൂടെ കടത്തിവിടാൻ കഴിഞ്ഞാൽ അതൊരു ഗുരുധർമ്മത്തിന്റെ വിശ്വവിജയമായിരിക്കും.
ഇത്തരത്തിൽ എല്ലാവരിലേക്കും ഗുരുവിന്റെ സന്ദേശവും ദർശനവും എത്തിച്ചാൽ മാത്രമേ നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ നമുക്ക് അതിജീവിക്കാൻ സാധിക്കുകയുള്ളൂ. ഓരോ പ്രതിസന്ധിയും അവസരമാക്കാൻ ഗുരുദർശനത്തിനു മാത്രമേ കഴിയൂ. പ്രളയപാഠത്തിൽ നിന്ന് നമുക്ക് പഠിക്കാൻ ഒത്തിരിയുണ്ട്. അതിന് എല്ലാവർക്കും ഗുരുവെളിച്ചമായി വരുന്നതിനുള്ള സംവിധാനമാണ് ഉണ്ടാവേണ്ടത്.