trump-kim-jong-un

സോൾ: ഉത്തരകൊറിയയ്‌ക്ക് നൽകിയ വാഗ്‌ദാനം യു.എസ് പാലിച്ചില്ലെങ്കിൽ രാജ്യത്തിന്റെ പരമാധികാരവും താൽപര്യങ്ങളും സംരക്ഷിക്കാൻ സ്വന്തം വഴിക്കു നീങ്ങുമെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ വ്യക്തമാക്കി. ‘ലോകത്തെ മുഴുവൻ സാക്ഷിയാക്കി നൽകിയ വാഗ്ദാനം യു.എസ് പാലിച്ചില്ലെങ്കിൽ ഞങ്ങളുടെ റിപ്പബ്ലിക്കിനുമേൽ ഉപരോധം ഏർപ്പെടുത്തുന്നത് തുടരുകയാണെങ്കിൽ ഞങ്ങളുടെ പരമാധികാരവും താൽപര്യവും സംരക്ഷിക്കാൻ പുതിയ വഴി തേടുകയല്ലാതെ മറ്റുവഴിയില്ലെന്നും' കിം ജോങ് ഉൻ പറഞ്ഞു.

കഴിഞ്ഞ ജൂണിൽ സിംഗപ്പൂരിലെ ഉച്ചകോടിയിൽ ഡൊണാൾഡ് ട്രംപ് നൽകിയ വാഗ്ദാനമാണ് കിം ജോങ് ഉൻ സൂചിപ്പിച്ചത്. ഫലപ്രദമായ ചർച്ചകൾക്ക് തയ്യാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. കൂടിക്കാഴ്‌ചയിൽ കൊറിയൻ ഉപദ്വീപിലെ ആണവ നിരായുധീകരണത്തിനാണ് ഇരുനേതാക്കളും ഒപ്പുവച്ചിരുന്നു. കിം എന്നെ വിശ്വസിക്കുന്നു, ഞാൻ കിമ്മിനെയും എന്നാണ് ട്രംപ് അന്ന് പറഞ്ഞത്.

ഉത്തരകൊറിയയിലെ മിസൈൽ പരീക്ഷണകേന്ദ്രം ഇല്ലാതാക്കുമെന്ന് കിം ഉറപ്പ് നൽകിയതായയും ട്രംപ് പറഞ്ഞിരുന്നു. തുടർന്ന് പ്രധാന മിസൈൽ കേന്ദ്രമുൾപ്പെടെ ഉത്തരകൊറിയ അടച്ചുപൂട്ടി. എന്നാൽ പൂർണമായ ആണവനിരായുധീകരണത്തിനു ശേഷം മാത്രമെ സാമ്പത്തിക ഉപരോധം മാറ്റൂ എന്നാണ് ട്രംപിന്റെ നിലപാട്. തുടർന്ന്, യു.എസ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ മറുപടി ഉണ്ടായില്ലെങ്കിൽ പഴയ ആണവ നയത്തിലേക്കു തിരികെപ്പോകുമെന്നത് ആലോചിക്കുമെന്നും കിം നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, ‘യു.എസ് പ്രസിഡന്റുമായി വീണ്ടും ഏതു സമയത്തും ചർച്ചയ്‌ക്ക് തയ്യാറാണ്. അന്താരാഷ്ട്ര സമൂഹം സ്വാഗതം ചെയ്യുന്ന ഒരു തീരുമാനത്തിലെത്താൻ എല്ലാ ശ്രമങ്ങളും നടത്തു'മെന്നും കിം ജോങ് ഉൻ വ്യക്തമാക്കി.