കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പറമ്പത്ത് അബ്‌ദുള്ള മുസ്‌ലിയാർ എന്നയാളുടെ പറമ്പിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അബ്‌ദുള്ള മുസ്‌ലിയാരുടെ മകൻ സാലിമിന്റെ ഇരുകൈകളും അറ്റ് പോയ നിലയിലാണ്. കൂടെയുണ്ടായിരുന്ന മുനീറിനും മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ പരിക്കേറ്റവർ മുസ്‌ലിം ലീഗ് പ്രവർത്തകരാണെന്നാണ് വിവരം. രാത്രി പന്ത്രണ്ട് മണിയോടെയുണ്ടായ സംഭവം ഇവർ മറച്ച് വച്ചതായും പൊലീസ് പറയുന്നു. രാവിലെ സംഭവം അറിഞ്ഞ് പൊലീസ് ഇവിടേക്ക് എത്തുമ്പോഴേക്കും സ്ഥലം വൃത്തിയാക്കി തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത കുറ്റ്യാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.