bus-attacked

പാലക്കാട്: വനിതാ മതിലിന് സർവീസ് നടത്താൻ വിസമ്മതിച്ചുവെന്ന് ആരോപിച്ച് സ്വകാര്യ ബസ് സി.പി.എം പ്രവർത്തകർ എറിഞ്ഞ് തകർത്തതായി പരാതി. പാലക്കാട്ട് കൊല്ലങ്കോട്ട് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. തൃശൂർ - ഗോവിന്ദപുരം റൂട്ടിലോടുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രദേശത്തെ സി.പി.എം പ്രവർത്തകർക്കെതിരെ ബസുടമ പരാതി നൽകിയിട്ടുണ്ട്.

വനിതാ മതിലിന് പ്രവർത്തകരെ എത്തിക്കാൻ ബസ് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ കുറച്ച് ദിവസം മുമ്പ് തന്നെ സമീപിച്ചിരുന്നതായി ബസുടമ പറയുന്നു. എന്നാൽ സർവീസ് ഉള്ളതിനാൽ ബസ് വിട്ടുനൽകാനാവില്ലെന്ന് താൻ അവരോട് മറുപടി പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലാണ് ഒരു സംഘമെത്തി ബസ് തകർത്തതെന്നും ബസ് ഉടമ ആരോപിച്ചു. അതേസമയം, ബസുടമയുടെ ആരോപണം തെറ്റാണെന്നും സംഭവത്തിൽ തങ്ങളുടെ പ്രവർത്തകർ ഉൾപ്പെട്ടിട്ടില്ലെന്നും സി.പി.എം പ്രാദേശിക നേതൃത്വവും പ്രതികരിച്ചു.