താനും പ്രണവും സിനിമയിൽ പെട്ടുപോവുകയായിരുന്നുവെന്ന് മലയാളത്തിന്റെ നടന വിസ്‌മയം മോഹൻലാൽ. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു ലാലിന്റെ വെളിപ്പെടുത്തൽ. 'പ്രണവിന് അഭിനയിക്കാൻ അത്ര താത്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സാവധാനം സിനിമയിലേക്ക് വരികയാണ്, ഇനി ഇഷ്‌ടപ്പെട്ടു തുടങ്ങണം. ഞാനും സിനിമയിൽ പെടുകയായിരുന്നു. ആദ്യമെല്ലാം അഭിനയിക്കാൻ എനിക്കും ഇഷ്‌ടമില്ലായിരുന്നു, പിന്നെ ആ ഒഴുക്കിൽ പെട്ടുപോയി'- മോഹൻലാൽ പറഞ്ഞു.
'പ്രണവിന്റെയൊക്കെ തലമുറയ്‌ക്ക് ഏറെ സാധ്യതകളുണ്ട്. കൂടുതൽ യാത്ര ചെയ്യാനൊക്കെ മകന്റെ പ്രായത്തിൽ ഞാനും ആഗ്രഹിച്ചിരുന്നു. പല കാരണങ്ങൾ കൊണ്ട് കഴിയാതെ പോയി. പ്രണവിന്റെ യാത്രകൾ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്- ലാൽ കൂട്ടിച്ചേർത്തു.
പ്രിയദർശൻ സംവിധനം ചെയ്യുന്ന ചരിത്ര സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിൽ പ്രണവാണ് ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. മധു, അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിയ പ്രമുഖതാരനിര തന്നെ ഈ ബിഗ് ബഡ്‌ജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.