ഹൈദരാബാദ്: രണ്ടുമാസം പ്രായമായ കുഞ്ഞിനെ മറ്റൊരുളുടെ കൈയ്യിൽ ഏൽപ്പിച്ച് കടന്നുകളഞ്ഞ സ്ത്രീക്ക് കുഞ്ഞിനെ പൊലീസ് തിരിച്ചേൽപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒസ്മാനിയ ആശുപത്രിയുടെ സമീപം മദ്യപിച്ച് ലക്കുകെട്ട സ്ത്രീ കൈക്കുഞ്ഞിനെ സമീപത്തുണ്ടായിരുന്ന ആളിനെ ഏൽപ്പിച്ച ശേഷം ഉടനെത്താമെന്ന് പറഞ്ഞാണ് കടന്നു കളഞ്ഞത്.
കുട്ടിയുമായി ഏറെ നേരം കാത്തിരുന്നിട്ടും ഇവർ തിരിച്ചെത്തിയില്ല. കുഞ്ഞ് കരച്ചിൽ തുടങ്ങിയതോടെ ഇയാൾ പരിഭ്രാന്തനായി. നിർത്താതെ കരയുന്ന കുഞ്ഞുമായി ഒടുവിൽ ഇയാൾ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. വിശന്നിട്ടാകാം കുഞ്ഞ് കരയുന്നത് എന്ന് മനസ്സിലാക്കി ഇയാൾ കുഞ്ഞിന് പാൽ കൊടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഇയാൾ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരം അറിയിച്ച ശേഷം കുഞ്ഞിനെ അഫ്സൽഗുഞ്ജ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.
രാത്രി ഡ്യൂട്ടിയിലായിരുന്നകോൺസ്റ്റബിൾ രവിചന്ദ്രൻ കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് ഭാര്യയെ വിവരം അറിയിച്ചു. തൊട്ടടുത്ത സ്റ്റേഷനിലെ കോൺസ്റ്റബിളാണ് രവീന്ദ്രന്റെ ഭാര്യ പ്രിയങ്ക. പ്രസവത്തെ തുടർന്ന് ഇവർ അവധിയിൽ പ്രവേശിച്ചിരിക്കുകയായിരുന്നു. സംഭവം കേട്ടയുടനെ ഇവർ സ്റ്റേഷനിലെത്തി കുഞ്ഞിന് മുലയൂട്ടുകയും ചെയ്തു. വിശപ്പ് മാറിയതോടെ അവൾ സ്വസ്ഥമായി ഉറക്കവും തുടങ്ങി. ''ഭർത്താവ് വിളിച്ചപ്പോൾ തന്നെ താൻ ഒരു കാബ് ബുക്ക് ചെയ്തു, ഞാനും ഒരു കുട്ടിയുടെ അമ്മയാണ്. വിശന്നിട്ടാവും കുഞ്ഞ് നിർത്താതെ കരയുന്നതെന്ന് എനിക്ക് മനസ്സിലായി'' - പ്രിയങ്ക പറഞ്ഞു. പിന്നീട് കുഞ്ഞിനെ ഗവർൺമെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചഞ്ചൽഗുഡ ഏരിയയിൽ ഒരു സ്ത്രീ കുഞ്ഞിനെ കാണുന്നില്ല എന്ന് പറഞ്ഞ് കരയുന്നതായി പൊലീസിന് വിവരം ലഭിച്ചു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായതിനാൽ കുഞ്ഞിനെ ഏൽപ്പിച്ച സ്ഥലം ഇവർ മറന്ന് പോയിരുന്നു. തുടർന്ന് പൊലീസ് ഇവരുമായി ആശുപത്രിൽ എത്തുകയും കുഞ്ഞിനെ തിരിച്ചറിഞ്ഞ ശേഷം ഇവർക്ക് കൈമാറുകയും ചെയ്തു. അവധിയിലായിരുന്നിട്ടും ഇത്തരത്തിലൊരു സാഹചര്യത്തിൽ കൃത്യമായി പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥയുടെ സത്പ്രവർത്തി ഉയർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുകയും ചെയ്തു. തുടർന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണർ ദമ്പദികളെ ആദരിക്കുകയും ചെയ്തു.