കോട്ടയം: ആക്രമണത്തിന് ഇരയായ കരോൾ സംഘങ്ങൾ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പേടിച്ച് പള്ളിയിൽ അഭയം തേടിയിട്ട് ഇന്നേയ്‌ക്ക് ഒമ്പത് ദിവസം തികയുന്നു. കരോൾ സംഘത്തിലെ അംഗങ്ങളായ അഞ്ച് കുടുംബങ്ങളാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പേടിച്ച് പൊലീസിന്റെ കാവലിൽ പള്ളിയിൽ കഴിയുന്നത്.
23ന് രാത്രി 8.30 നാണ് സംഭവങ്ങൾക്ക് തുടക്കം. പാത്താമൂട്ടം കൂമ്പാടി സെന്റ്‌പോൾസ് പള്ളിയിലെ സൺഡേസ്‌കൂൾ യുവജനസംഘം, സ്ത്രീജനസംഖ്യം എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്‌മസ് കരോളിനുനേരെ ഒരു സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തെ തുടർന്ന് ആറ് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ, ഇവർക്ക് ജാമ്യം ലഭിച്ചതോടെ ഇവരുടെ ഭീഷണി വർദ്ധിച്ചുവെന്നാണ് ആരോപണം.
കരോൾ സംഘത്തെ ആക്രമിച്ചവർ പാത്താമൂട്ടം കൂമ്പാടി സെന്റ്‌പോൾസ് പള്ളിയും അടിച്ചുതകർത്തിരുന്നു. കരോൾ സംഘത്തിന് നേരെ നഗ്നത പ്രദർശനം നടത്തിയത് ചോദ്യം ചെയ്‌തതാണ് പ്രകോപനത്തിന് കാരണമായത്. ആക്രമണത്തിൽ പള്ളിയിലെ ഉപകരണങ്ങളും നശിപ്പിച്ച സംഘം പരിസരത്തെ നാലു വീടുകൾക്കു നേരെയും ഇരുചക്രവാഹനങ്ങൾ, ഓട്ടോ എന്നിവയ്‌ക്കു നേരെയും ആക്രമണം നടത്തി.
പാത്താമുട്ടം മേഖലയിൽ പ്രവേശിക്കാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥയിലാണ് അക്രമികൾ ജയിലിന് പുറത്തിറങ്ങിയിരിക്കുന്നത്. പക്ഷെ, ഇവർ പുറത്തിറങ്ങിയ ശേഷം പാത്താമുട്ടം മേഖലയിലൂടെ വിഹരിക്കുന്നതായി ചർച്ച് കമ്മിറ്റി സെക്രട്ടറി പി.സി.ജോൺസൺ പറയുന്നു. പൊലീസ് അക്രമം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് ചങ്ങനാശേരി ഡി.വൈ.എസ്.പി എസ്. സുരേഷ് കുമാർ പറഞ്ഞു. ഇവർക്ക് ആവശ്യമായ സുരക്ഷ പൊലീസ് ഉറപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.