ആലപ്പുഴ: നവോത്ഥാനം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന വനിതാ മതിലിന്റെ പ്രചാരണാർത്ഥം ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ച യു.പ്രതിഭ എം.എൽ.എയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഒടുവിൽ ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് കായംകുളം പൊലീസ് സ്‌റ്റേഷനിലെത്തി 100 രൂപ പിഴയടച്ച് എം.എൽ.എ തടിയൂരി.
കഴിഞ്ഞ ദിവസമാണ് വനിതാ മതിലിന്റെ പ്രചാരണാർത്ഥം കായംകുളത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ സ്‌കൂട്ടർ റാലി സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്ത എം.എൽ.എ അടക്കമുള്ളവർ ഹെൽമറ്റ് ധരിച്ചിരുന്നില്ല. പരിപാടിയുടെ ചിത്രങ്ങൾ ഇന്ന് മാദ്ധ്യമങ്ങളിൽ വന്നതോടെ പൊലീസ് കേസെടുക്കാൻ നിർബന്ധിതരാവുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ തന്നെ എം.എൽ.എ പൊലീസ് സ്‌റ്റേഷനിലെത്തി പിഴയടച്ച് കേസിൽ നിന്നും ഒഴിവായി.
അതേസമയം, എം.എൽ.എ ഹെൽമറ്റ് ധരിക്കാതെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രവും കഴിഞ്ഞ ദിവസം കായംകുളം പൊലീസുമായി ചേർന്ന് നടത്തിയ ട്രാഫിക് ബോധവത്കരണത്തിന്റെ വീഡിയോയും ട്രോളന്മാർക്ക് ചാകരയായി. ഹെൽമറ്റ് വയ്‌ക്കാൻ നാട്ടുകാരെ ഉപദേശിക്കുന്ന എം.എൽ.എ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ നിയമം തെറ്റിച്ചത് ശരിയായില്ലെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.