vanitha-mathil
വനിതാ മതിലിനായി ആലപ്പുഴയിൽ അണിചേർന്നവർ

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന വനിതാ മതിൽ ഇന്ന് വൈകിട്ട് നാലിന് നടക്കും. കാസർകോട് മുതൽ തിരുവനന്തപുരത്ത് വെള്ളയമ്പലം വരെ ദേശീയ പാതയിൽ 620 കിലോമീറ്രർ ദൂരത്തിലാണ് മതിൽ തീർക്കുന്നത്. വൈകിട്ട് 3.45 ന് റിഹേഴ്സൽ നടക്കും. നാലിന് തുടങ്ങുന്ന മതിൽ 4.15വരെ നീണ്ടുനിൽക്കും. തുടർന്ന് മതേതര നവോത്ഥാന പ്രതിജ്ഞ നടക്കും. പ്രധാന കേന്ദ്രങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ സാമൂഹ്യ, രാഷ്ട്രീയ നായകർ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മതിലിന്റെ തെക്കേ അറ്രമായ വെള്ളയമ്പലത്ത് അഭിവാദ്യമർപ്പിക്കും.

സി.പി.എം പോളിറ്ര് ബ്യൂറോ അംഗം ബൃന്ദാകാരാട്ട് വെള്ളയമ്പലത്തും ആരോഗ്യമന്ത്രി കെ.കെ. ശൈലജ കാസർകോടും മതിലിൽ കണ്ണികളാകും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാരും വി.എസ്. അച്യുതാനന്ദന്റെ ഭാര്യ വസുമതിയും തിരുവനന്തപുരത്ത് മതിലിൽ പങ്കെടുക്കും.

നവോത്ഥാന സംരക്ഷണ സമിതിയിലുള്ള 174 സംഘടനകളുടെ നേതൃത്വത്തിൽ 22 ലക്ഷംപേർ മതിലിന്റെ ഭാഗമാകും. ഇടതുപക്ഷ മഹിളാ സംഘടനകൾ 50 ലക്ഷത്തോളം പേരെ പങ്കെടുപ്പിക്കാനുള്ള ഒരുക്കം പൂർത്തിയാക്കി. വനിതാ മതിൽ സർക്കാർ പരിപാടിയല്ലെന്നും സർക്കാർ പിന്തുണയ്ക്കുക മാത്രമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സ്ത്രീ മുന്നേറ്റ ചരിത്രത്തിൽ നാഴികക്കലാകും വനിതാ മതിലെന്ന് ഇടതുനേതാക്കൾ വ്യക്തമാക്കി.

ഗിന്നസിലേക്ക്..

ലക്ഷക്കണക്കിന് വനിതകൾ ഒരുമിച്ച് ചേരുന്ന മതിൽ അപൂർവമായ കൂട്ടായ്മയായതിനാൽ ഇത് ഗിന്നസ് ബുക്കിൽ രേഖപ്പെടുത്താനായി നിരീക്ഷണത്തിനായി ഗിന്നസ് യൂണിവേഴ്സൽ റെക്കാഡ്സ് ഫോറവും കേരളത്തിലെത്തി.

മതനിരപേക്ഷ സംഗമം

വനിതാ മതിലിൽ 50 ലക്ഷം സ്ത്രീകൾ പങ്കെടുക്കും. വനിതാ മതിൽ ഒരു മതനിരപേക്ഷ സംഗമമായിരിക്കും. എല്ലാ സമുദായത്തിലെ സ്ത്രീകളും അണിനിരക്കുന്ന സംഭവമായി ഇത് മാറുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ

vanitha-mathil

സ്നേഹ മതിൽ

എല്ലാ എതിർപ്പുകളെയും അതിജീവിച്ച് വനിതാ മതിൽ വൻവിജയമാക്കും. കേരളത്തിന്റെ മതേതര പാരമ്പര്യത്തിൽ ഉറച്ചു നിന്നുകൊണ്ട് ചരിത്ര വിജയത്തിലേക്ക് ചവിട്ടിക്കയറുകയാണ് മതിൽ. മതിലിനെതിരായ വിയോജിപ്പുകളെല്ലാം അടിസ്ഥാന രഹിതമാണ്. മതിലിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കുന്നില്ല . അതിന്റെ ആവശ്യമില്ല. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ അനുവദിക്കാതിരിക്കുക എന്നതാണ് ഞങ്ങളുടെ നിലപാട്. ഇത് സ്നേഹത്തിന്റെ മതിലാണ്. സാമൂഹ്യ തിന്മകൾക്കെതിരായ മതിലാണെന്ന് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ