''മൂസ..."
കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ രാഹുൽ വിളിച്ചു.
മൂസ തലതിരിച്ച് അയാളെ നോക്കി.
''ചീഫ് മിനിസ്റ്ററുടെ മുന്നിൽ വെടിപൊട്ടിച്ചിട്ട് പോന്ന നിലയ്ക്ക് എന്റെ ഫോൺ പോലും അയാൾ ചോർത്തും. ഉറപ്പ്. അതുകൊണ്ട് തന്റെ ഫോണിൽ നിന്നു വേണം ഇനി ഗ്രിഗറിയെ വിളിക്കാൻ. നോബിളിനെ കണ്ടെത്തിയോ, എസ്.ഐ വിജയയ്ക്ക് പണി കൊടുത്തോ എന്ന് അറിയണം."
''ശരി സാർ..."
സ്പാനർ മൂസ ഫോണെടുത്ത് ഗ്രിഗറിയെ വിളിക്കാൻ ഭാവിക്കുകയായിരുന്നു.
പെട്ടെന്ന് രാഹുലിന്റെ ഫോൺ ഇരമ്പി. അവൻ എടുത്തുനോക്കി.
മുഖ്യമന്ത്രി!
''മാസ്റ്ററാ." പറഞ്ഞുകൊണ്ട് രാഹുൽ കാൾ അറ്റന്റു ചെയ്തു.
''എന്താ സാറേ ഇത്രവേഗം തീരുമാനം എടുത്തുകഴിഞ്ഞോ?"
''ഇല്ല രാഹുൽ. എന്തായാലും സേനനെയും നിന്നെയും ഞാൻ ഉപേക്ഷിക്കില്ല. പക്ഷേ എനിക്ക് അത്യാവശ്യമായി ഡൽഹിക്കു പോകണം. ഇന്ന് 12.30നുള്ള ഡൽഹി ഫ്ളൈറ്റിന്. ഹൈക്കമാൻഡിന്റെ നിർദ്ദേശമാണ്. രണ്ട് ദിവസത്തിനുള്ളിൽ മടങ്ങിയെത്തും. അതുകഴിഞ്ഞാലുടൻ നമുക്ക് തീരുമാനിക്കാം."
രാഹുൽ അങ്ങോട്ട് എന്തെങ്കിലും പറയുന്നതിനു മുൻപ് ഫോൺ കട്ടായി.
''കള്ള കിളവൻ." രാഹുൽ പല്ലു ഞെരിച്ചു. ''ഡൽഹിയിൽ നിന്നൊന്നും വിളി വന്നിട്ടുണ്ടാവില്ല. ചുമ്മാതെ പോകുകയാ അയാള്. അത്രയും കൂടി സമയം നീട്ടിക്കിട്ടാൻ."
അവൻ വെട്ടിത്തിരിഞ്ഞു.
''മൂസ, സൂക്ഷിക്കണം. കാഞ്ഞ ബുദ്ധിയാ കെഴവന്. അങ്ങോട്ട് അടിക്കും മുൻപ് അയാൾ ഇങ്ങോട്ടടിക്കും."
അവൻ പറഞ്ഞുനിർത്തിയതും മൂസയുടെ ഫോണിലേക്ക് സാദിഖിന്റെ കാൾ വന്നു.
''അണ്ണാ. ഒരു പ്രശ്നം... വഴിനീളെ ചെക്കിംഗാണ് പോലീസ്."
മൂസ ഒന്നു ഞെട്ടി.
''നിങ്ങൾ എവിടെയെത്തി?"
''വെടിവച്ചാം കോവിലിനോട് അടുക്കുകയാണ്. അകലെ പോലീസ്, വാഹന പരിശോധന നടത്തുന്നുണ്ട്. നേരത്തെ രണ്ടിടത്തുണ്ടായിരുന്നു. അവന്മാരുടെ കണ്ണുവെട്ടിച്ച് ഇടറോഡു വഴിയാ ഞങ്ങളിവിടെ എത്തിയത്."
മൂസയുടെ ചെന്നിയിലെ ഞരമ്പുകൾ പിടച്ചുപൊങ്ങി.
''പൊലീസ് തിരയുന്നത് ചന്ദ്രനെയാണെന്നു വ്യക്തം. പിടികൊടുക്കരുത്. ചന്ദ്രൻ രക്ഷപ്പെടുകയും അരുത്."
''ശരി അണ്ണാ."
സാദിഖ് കാൾ മുറിച്ചു.
മൂസ, രാഹുലിന് വിവരം കൈമാറി.
''രണ്ടും കൽപ്പിച്ചാണ് മുഖ്യമന്ത്രി." ചിന്തയോടെ രാഹുൽ എഴുന്നേറ്റു. അസ്വസ്ഥനായി മുറിയിലൂടെ നടന്നു.
സന്ധ്യ.
പിങ്ക് പോലീസ് എസ്.ഐ വിജയ വീട്ടിലെത്തി.
അമ്മയും അനൂപും കൂടി എന്തോ ഗഹനമായ ചർച്ചയിലായിരുന്നു.
''എന്താ രണ്ടാളും കൂടി?"
വിജയ തൊപ്പിയെടുത്ത് കയ്യിൽ പിടിച്ചു.
''ഇവൻ പറയുകയാ മോളേ അച്ഛൻ നടത്തിയിരുന്ന പത്രം ഇനിയും ഇറക്കാൻ പോകുകയാണെന്ന്."
ഒട്ടും താൽപ്പര്യമില്ലായിരുന്നു മാലിനിയുടെ വാക്കുകളിൽ. അവർ തുടർന്നു:
''ഒരുപാട് ശത്രുക്കളെ സൃഷ്ടിച്ചു എന്നതാണ് വാസുവേട്ടൻ ആ പത്രം കൊണ്ട് ഉണ്ടാക്കിയ പ്രധാന നേട്ടം. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ നാശത്തിലേക്ക്.."
മാലിനി ഒന്നു തേങ്ങി.
''അനൂപിനാണെങ്കിൽ ശത്രുക്കൾക്ക് യാതൊരു കുറവുമില്ല. പഞ്ചായത്ത് ഭരിച്ചതുകാണ്ട് ഇവൻ ഉണ്ടാക്കിയ നേട്ടം. ഭർത്താവും ഒരു മകനും നഷ്ടമായ എനിക്ക് ഇനി നിങ്ങൾ രണ്ടുപേരെക്കൂടി നഷ്ടപ്പെടാൻ വയ്യ. അതിനുള്ള ശക്തി എനിക്കില്ല."
ആരുടെയും മറുപടിക്കു കാക്കാതെ സാരിത്തുമ്പുയർത്തി കണ്ണു തുടച്ചുകൊണ്ട് മാലിനി എഴുന്നേറ്റു പോയി.
വിജയയും അനൂപും പരസ്പരം നോക്കി.
''എന്താടീ നിന്റെ അഭിപ്രായം?" അനൂപ് തിരക്കി.
''പത്രം നല്ലതാണ്. പക്ഷേ അതേപോലെ അപകടവുമാണ്... അമ്മയുടെ പേടി അസ്ഥാനത്തല്ല."
അനൂപ് അമർത്തി മൂളി.
8 മണി.
ടിവി കാണുകയായിരുന്നു അനൂപും വിജയയും മാലിനിയും.
പുറത്ത് ഒരു വാഹനം വന്നുനിന്നു. അനൂപ് തുറന്നുകിടന്നിരുന്ന വാതിൽ വഴി പുറത്തേക്കു ശ്രദ്ധിച്ചു.
കണ്ണടയും പോലെ വാഹനത്തിന്റെ ലൈറ്റു കെട്ടു.
അനൂപ് പുറത്തേക്ക് ഇറങ്ങിച്ചെന്നു. ആ ക്ഷണം കറണ്ടുപോയി.
പിന്നെ കേൾക്കുന്നത് ഒരലർച്ച.
''ചേട്ടാ.." ഞെട്ടിപ്പിടഞ്ഞ് വിജയ ചാടിയെഴുന്നേറ്റു.
(തുടരും)